സിവില്‍ സ്റ്റേഷന്‍ മാലിന്യമുക്തമാക്കാന്‍ നടപടി

Thursday 29 September 2016 11:04 pm IST

കണ്ണൂര്‍: സിവില്‍ സ്റ്റേഷന്‍ മാലിന്യ മുക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ നേരില്‍ക്കണ്ട ശേഷമായിരുന്നു ജില്ലാ കലക്ടറുടെ നടപടി. ആദ്യപടിയായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, ഉപയോഗശൂന്യമായ വാഹനങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ രണ്ടിന് കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ശുചീകരണ യജ്ഞം നടത്തും. ശുചീകരണത്തിന് ശേഷം മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി കോര്‍പറേഷന്റെ സഹായം തേടാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഭാവിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ശുചിത്വമിഷനെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. ഇതിനായി എല്ലാ ഓഫീസുകളിലും ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ വെവ്വേറെ ശേഖരിക്കുന്നതിനായി പ്രത്യേകം ബക്കറ്റുകള്‍ സ്ഥാപിക്കും. എല്ലാ ദിവസവും ഓഫീസുകളിലെ മാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ശുചിത്വമിഷന് നിര്‍ദേശം നല്‍കി. കലക്ടറേറ്റിലെ ചോര്‍ന്നൊലിക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായി കെട്ടിടങ്ങള്‍ നവീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വൃത്തിഹീനമായിക്കിടക്കുന്ന ടോയ്‌ലെറ്റുകള്‍ ഉടന്‍ നവീകരിക്കും. ഇതിനു മുന്നോടിയായി കലക്ടറേറ്റിന് പുറത്ത് ടോയ്‌ലെറ്റുകള്‍ സ്ഥാപിച്ച് നടത്താന്‍ ഏജന്‍സിയെ ഏല്‍പ്പിക്കും. ഇതിലേക്കുള്ള ചെലവ് കണ്ടെത്തുന്നതിനായി ഇവിടെ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വെള്ളംകെട്ടിക്കിടക്കുന്ന ഓവുചാലുകള്‍ നവീകരിക്കാനും സ്ലാബില്ലാത്തയിടങ്ങളില്‍ അത് സ്ഥാപിക്കാനും നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാളെ വൈകീട്ട് നാലിന് വകുപ്പുമേധാവികളുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.