മതം ഏതായാലും മനുഷ്യന്‍...

Thursday 29 September 2016 11:22 pm IST

മനുഷ്യന്‍ നല്ലവനായിരിക്കുന്നതിലാണ് കാര്യം; ഏതു മതവിശ്വാസി ആണെന്നതിലല്ല. നല്ല മനുഷ്യന്റെ വികാര വിചാരങ്ങളെല്ലാം സുഗന്ധപൂരിതവും ഏവര്‍ക്കും സുഖകരവും ആയിരിക്കും. അയാള്‍ ഏതെങ്കിലും വിശ്വാസിയല്ലങ്കില്‍ പോലും ആര്‍ക്കും സ്വീകാര്യനും ആദരണീയനുമായിരിക്കും. പക്ഷേ നല്ല മതവിശ്വാസി നല്ല മനുഷ്യന്‍ ആകണമെന്നില്ല. എല്ലാ മതങ്ങളും പരസ്പരം സ്‌നേഹിക്കുവാനാണ് പഠിപ്പിക്കുന്നത്. എന്നിട്ടും എന്തുകാരണത്താലാണ് മതം മാനവ സമൂഹത്തില്‍ വില്ലനായി മാറിയിരിക്കുന്നത്? പ്രശ്‌നകാരി മതമാണോ? അതോ മതത്തെ വേണ്ടവിധം മനസ്സിലാക്കാതെ കൈകാര്യം ചെയ്യുന്നവരാണോ? മതം മനുഷ്യനെ ഈശ്വരനുമായി ബന്ധിപ്പിക്കുന്നു. ഈശ്വരന്‍ സ്‌നേഹസ്വരൂപനും കാരുണ്യമൂര്‍ത്തിയുമാണ്. പ്രശ്‌നം മതത്തിന്റേയോ ഈശ്വരന്റേയോ അല്ല; ഞങ്ങളുടെ മതം മാത്രം സത്യം എന്നും അതിലൂടെ മാത്രമേ മാനവ സമൂഹത്തിന് ദുഃഖാദികളില്‍ നിന്നും മോചനമുണ്ടാകൂ-മോക്ഷമുള്ളൂ എന്ന കാഴ്ചപ്പാടും അതിനനുസൃതമായ പ്രചാരണവും മതപരിവര്‍ത്തനങ്ങളുമാണ്. സ്വാമി വിവേകാനന്ദന്‍ മതത്തെ ഇങ്ങനെ നിര്‍വ്വചിച്ചു- മതം എന്നത് മനുഷ്യനില്‍ കുടികൊള്ളുന്ന ദിവ്യത്വത്തിന്റെ അഭിവ്യക്തിയാകുന്നു. മനുഷ്യസൃഷ്ടിയോടുകൂടി ദൈവം സൃഷ്ടികര്‍മം അവസാനിപ്പിച്ചതിനു കാരണം സൃഷ്ടിയുടെ പൂര്‍ണ്ണത മനുഷ്യന് നല്‍കിയതിനാലാണ്. സസ്യലതാദികളോ, മൃഗങ്ങളോ ജീവിച്ച് നശിക്കുന്നു എന്നല്ലാതെ മനുഷ്യനെപ്പോലെ 'സ്വത്വ'ത്തെ തേടുന്നില്ല. മനുഷ്യന്‍ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ ലഭിച്ചാലും തൃപ്തനല്ല, അസ്വസ്ഥനുമാണ്. ആ അസ്വസ്ഥതയാണവനെ 'സ്വത്വ'ത്തെക്കുറിച്ച് ചിന്തിക്കുവാനും പ്രപഞ്ചരഹസ്യങ്ങളിലേക്ക് അന്വേഷിച്ച് ചെല്ലുവാനും പ്രേരിപ്പിക്കുന്നത്. മൃഗങ്ങള്‍ വെറും ഇന്ദ്രിയ സുഖത്തില്‍ തൃപ്തരാണെങ്കില്‍ മനുഷ്യന്‍ അതിനുമതീതമായി ചിന്തിക്കുകയും ഈ ലക്ഷ്യത്തെ പ്രാപിക്കുകയും ചെയ്യുന്നു. അതിന് അവനെ കരുത്തനാക്കുന്നത് ആദ്ധ്യാത്മജ്ഞാനമാണ്; മതമാണ്. അങ്ങനെ മനുഷ്യന്‍ നരന്‍ എന്ന തലത്തില്‍ നിന്ന് നാരായണന്‍ എന്ന തലത്തിലേക്ക് വളര്‍ന്ന് ജന്മലക്ഷ്യം കൈവരിക്കുന്നു. അത്തരത്തില്‍ നാരായണന്‍ എന്ന നാമം അന്വര്‍ത്ഥമാക്കിയ നരനായിരുന്നു വയല്‍വാരത്തുവീട്ടിലെ നാരായണന്‍- ശ്രീനാരായണ ഗുരു. മതം മനുഷ്യമൃഗത്തെ ദേവനാക്കുന്നു ''മതത്തിന് എന്തെങ്കിലും നേടുവാന്‍ കഴിയുമോ?'' - സ്വാമി വിവേകാനന്ദന്‍ ഈ സംശയത്തിന് വ്യക്തമായ മറുപടി നല്‍കുന്നു. ''കഴിയും. മതം മനുഷ്യന് ശാശ്വത ജീവന്‍ നല്‍കുന്നു. അവന്‍ ഇന്നെന്താണോ, അവനെ അതാക്കിയത് മതമാണ്. അത് മനുഷ്യമൃഗത്തെ ദേവനാക്കി. അതാണ് മതത്തിന്റെ കഴിവ്. മാനവ സമുദായത്തില്‍ നിന്ന് മതത്തെ നീക്കുക. എന്തവശേഷിക്കുന്നു? ഒന്നുമില്ല. മൃഗങ്ങള്‍ നിറഞ്ഞ ഒരു കാട് ! ഇന്ദ്രിയ സുഖമല്ല മനുഷ്യവര്‍ഗ്ഗത്തിന്റെ ലക്ഷ്യം. ജ്ഞാനമാണ് ജീവിത ലക്ഷ്യം. മൃഗം ഇന്ദ്രിയ സുഖമനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ മനുഷ്യന്‍ ബുദ്ധിസുഖം അനുഭവിക്കുന്നു. മനുഷ്യന്‍ യുക്തിചിന്താപരമായ പ്രകൃതിയേക്കാള്‍ കൂടുതല്‍ ആദ്ധ്യാത്മപ്രകൃതിയെ ആസ്വദിക്കുന്നതായും കാണുന്നു. അതുകൊണ്ട് ഉത്തമജ്ഞാനം ആദ്ധ്യാത്മജ്ഞാനമായിരിക്കണം. ഈ ജ്ഞാനത്തോടെ ആനന്ദവും കൈവരുന്നു.'' ഇന്ന് കാണുന്ന മതവൈരങ്ങളും മതംമാറ്റങ്ങളും എല്ലാം മതാഭാസങ്ങളാണ്. മതം പോരടിക്കുവാനുള്ളതല്ല. വിവേകാനന്ദന്‍ വീണ്ടും പറയുന്നു: ''മതമെന്നാല്‍ പ്രസംഗമോ സിദ്ധാന്തങ്ങളോ പുസ്തകങ്ങളോ അല്ല. അനുഭവമാണ്. അത് പഠിപ്പല്ല; ഉണ്മയാണ്. ഈ അനുഭവമില്ലായ്മയാണ് മതവൈരങ്ങള്‍ക്കും മതംമാറ്റങ്ങള്‍ക്കും കാരണം. മനുഷ്യന്റെ ശുഷ്‌കിച്ച ഹൃദയവും ഇടുങ്ങിയ ചിന്തകളും സ്വാര്‍ത്ഥതയുമാണ് മതത്തിന്റെ പേരില്‍ കലഹിച്ച് തന്റെ ലക്ഷ്യത്തില്‍ നിന്നകന്ന് ദുഃഖമനുഭവിച്ച് ജീവിക്കുന്നതിന് പ്രധാന ഹേതു. ഈ ദു:ഖത്തിന് അന്ത്യമുണ്ടോ? ഉണ്ടെന്ന് ശ്വേതാശ്വേതരോപനിഷത്ത് : ''യദാ ചര്‍മ്മവദ് ആകാശം വേഷ്ടയിഷ്യന്തി മാനവാ: തദാ ദേവം അവിജ്ഞായ ദുഖ:സ്യാന്തേ ഭവിഷ്യതി.'' (മനുഷ്യന്‍ തങ്ങളുടെ സാങ്കേതിക നൈപുണ്യത്തിലൂടെ തോല്‍ക്കഷ്ണത്തെപ്പോലെ ആകാശത്തെ ചുരുട്ടിക്കൂട്ടിയേക്കാം; എങ്കിലും, അന്തര്‍ഭാഗത്തുള്ള പ്രകാശമാനമായ ദേവനെ സാക്ഷാത്ക്കരിക്കാതെ അവരുടെ ദുഃഖങ്ങള്‍ അവസാനിക്കാറില്ല). ആധുനിക ശാസ്ത്രസാങ്കേതിക നാഗരികതയില്‍ മനുഷ്യന്‍ ആന്തരികമായി ദരിദ്രനായിരിക്കുന്നു. പ്രകൃതിയും അവന്റെ സഹോദരങ്ങളും എല്ലാം അവന്റെ സുഖത്തിനായി ചൂഷണം ചെയ്യപ്പെടാനുളളവരാണെന്ന് അവന്‍ കരുതുന്നു. സ്വാര്‍ത്ഥതയുടെ കനത്ത ആവരണത്തിനുള്ളിലെ വിചിത്ര ജന്തുവായി മാറിയിരിക്കുന്നു ഈശ്വരന്‍ തന്റെതന്നെ രൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്ന മനുഷ്യന്‍! ആധുനിക സാങ്കേതിക ശാസ്ത്രം സൃഷ്ടിക്കുന്ന സുഖത്തിന്റെ മായാ ലോകത്തില്‍ മനുഷ്യന്‍ ശൂന്യനാകുന്നു. മനുഷ്യഹൃദയത്തിലൂറേണ്ടുന്ന സ്‌നേഹവും കരുണയും വരളുന്നതുമൂലമുണ്ടാകുന്ന ഈ ശൂന്യത അവന്റെയുള്ളില്‍ ക്ഷോഭവും അനിശ്ചിതത്വവും സൃഷ്ടിക്കുന്നു. അവന്‍ ഏവരേയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു. മനുഷ്യന്‍ ഏറെ പുരോഗമിച്ചിരിക്കുന്നുവെന്ന് ഊറ്റംകൊള്ളുന്ന ഇന്നത്തെ സമൂഹത്തില്‍ എന്തുകാരണത്താലാണ് മദ്യപാനം, ലൈംഗിക അരാജകത്വം, കുറ്റവാസനകള്‍, ആത്മഹത്യകള്‍ എല്ലാം വര്‍ദ്ധിക്കുന്നത്? ''പരസ്പരം പരിതാപമേകീടുന്നോര്‍'' കൊണ്ട് സമൂഹം അഗ്നികുണ്ഠമായി മാറിയിരിക്കുന്നു. പരിഹാരമെന്ത്? മനുഷ്യന് ആരോഗ്യകരമായ ബാഹ്യപരിസരം നല്‍കാന്‍ ശാസ്ത്രങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ആന്തരികമായ ആരോഗ്യം സൃഷ്ടിക്കുന്നതിന് ആദ്ധ്യാത്മ ശാസ്ത്രത്തിന്റെ സഹായം കൂടിയേ തീരൂ. സമഗ്രമായ ജീവിത പൂര്‍ണ്ണത അതിലൂടെ മാത്രമേ ലഭിക്കൂ. മതശാസ്ത്രത്തിലും സാധനയിലുംകൂടി ലഭിക്കുന്ന ജ്ഞാനവും അച്ചടക്കവുമാണ് ഒരു വ്യക്തിയുടെ സുഖസമാധാനങ്ങളോടെയുള്ള സുഖജീവിതത്തിന്റെ ആണിക്കല്ല്. ''അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്റെ സുഖത്തിനായ് വരേണം''- എന്ന തത്വമറിഞ്ഞ് ജീവിക്കണമെന്ന് സാരം. മതവും വര്‍ഗ്ഗീയതയും ലോകത്തുള്ള സകലമതങ്ങളും പരസ്പരം സ്‌നേഹിക്കുവാന്‍ പഠിപ്പിക്കുന്നു. എല്ലാ മതങ്ങളും ഒരേ തത്വം പ്രതിപാദിക്കുകയും ഈശ്വരന്റെ മഹത്വത്തെ വാഴ്ത്തുകയും ചെയ്യുന്നു. അതേസമയം പരസ്പരം തങ്ങളുടെ മതത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നതിനായി പരമതനിന്ദ നടത്തുന്നു എന്നതാണ് ഏറെ വിരോധാഭാസം. അന്യന്റെ അജ്ഞത, കഷ്ടപ്പാട്, ദാരിദ്ര്യം എന്നിവയെ ചൂഷണം ചെയ്ത് തന്റെ മതത്തിലേക്ക് ആളെകൂട്ടി എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയും, അപരന്റെ വിശ്വാസത്തെ അപഹസിക്കുകയും, ആരാധനാലായങ്ങളെ ധ്വംസിച്ച് തന്റെ ദൈവത്തെ പ്രീതിപ്പെടുത്താം എന്നു വിശ്വസിച്ച് പരിഹാസ്യനാകുവാന്‍ മനുഷ്യനല്ലാതെ മറ്റാര്‍ക്ക് കഴിയും! എങ്ങനെ ശാന്തി കൈവരിക്കാം, സമാധാനത്തോടെ ജീവിക്കാം, മോക്ഷം പ്രാപിക്കാം എന്നുപഠിപ്പിക്കുന്ന മതം ലോകത്തെ അശാന്തിയിലേക്കും യുദ്ധത്തിലേക്കും പരസ്പരം വെറുക്കുവാനും പഠിപ്പിക്കും എന്നു വിശ്വസിക്കുന്നത് വിഡ്ഢിത്തമല്ലേ? മതത്തെ ജീവനോപാധിയാക്കി മാറ്റിയ നിക്ഷിപ്ത താത്പര്യക്കാരായ സ്വാര്‍ത്ഥകീടങ്ങളല്ലേ യഥാര്‍ത്ഥ ഉത്തരവാദികള്‍? മതേതര രാഷ്ട്രമെന്നു വാഴ്ത്തപ്പെടുന്ന നമ്മുടെ നാടിന്റെ ഇന്നത്തെ സ്ഥിതി എന്താണ്? മതത്തിന്റെ പേരില്‍ സംഘടിച്ച് വോട്ട് ബാങ്കുകളായി മാറി ഓരോ തെരഞ്ഞെടുപ്പുകളിലും പ്രബല രാഷ്ട്രീയ കക്ഷികളില്‍ നിന്ന് സീറ്റുകള്‍ പിടിച്ചുവാങ്ങി ഭരണ സിരാകേന്ദ്രങ്ങളിലേക്കു നുഴഞ്ഞുകയറി തന്റെ മതത്തിനുവേണ്ടി ഇതര മതസ്ഥര്‍ക്കു ലഭിക്കേണ്ടുന്നവ പോലും നേടിയെടുക്കുന്നു. സമൂഹത്തില്‍ എങ്ങനെ ചേരിതിരിവുകളില്ലാതിരിക്കും?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.