സുരേഷ്‌ഗോപി എത്തി; കല്ലിയൂരിനെ പൈതൃക ഗ്രാമമാക്കാന്‍

Thursday 29 September 2016 11:24 pm IST

നേമം: സുരേഷ് ഗോപി എംപി ഇന്നലെ രാവിലെ 7 മണിയോടുകൂടി വെള്ളായണി കായല്‍ തീരത്തെത്തി. കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തിനെ പൈതൃക ഗ്രാമമാക്കാന്‍ പദ്ധതികളുമായാണ് രാജ്യസഭ എംപി സുരേഷ് ഗോപി എത്തിയത്. ഇന്നലെ രാവിലെ 7 മണിയോടുകൂടി പാലപ്പൂര് കീരിടം പാലത്തിന് സമീപത്തെ കന്നുകാലി ചാല്‍ ആദ്യം സന്ദര്‍ശിച്ചു. തുടര്‍ന്ന് കല്ലിയൂരിലെ കാര്‍ഷിക മേഖലകളായ വള്ളംകോട് ഏലായ്, കാര്‍ഷിക വിപണി, കല്ലിയൂര്‍ ഏലാത്തറ കുളം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ശുദ്ധജല തടാകമായ വെള്ളായണി കായല്‍ മലിനമാക്കാതെയുള്ള കായല്‍ ടൂറിസം പദ്ധതിയും വെള്ളായണി കാര്‍ഷിക കോളേജുമായി സഹകരിച്ച് ഫാം ടൂറിസം പദ്ധതിയും നടപ്പിലാക്കുന്നതിനെ കുറിച്ച് കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമായി സുരേഷ് ഗോപി എംപി. ചര്‍ച്ച ചെയ്തു. ജല സംരക്ഷണത്തിനായി കായല്‍ക്കരയില്‍ കോണ്‍ക്രീറ്റ് ബണ്ടുകള്‍ക്ക് പകരം ജൈവവേലി നിര്‍മ്മിക്കാനും പദ്ധതി ആലോചനയിലാണ്. നഗരസഭയുടെ ഭാഗമായ നേമം ആയൂര്‍വേദ ആശുപത്രിയും എംപി സന്ദര്‍ശിച്ചു. ആയുഷ് പദ്ധതിയിലുള്‍പ്പെടുത്തി ആശുപത്രി വികസനം സാധ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, കല്ലിയൂര്‍ പഞ്ചായത്ത് അംഗം ആര്‍. ജയലക്ഷ്മി, വൈസ് പ്രസിഡന്റ് എസ്. കുമാര്‍, കൗണ്‍സിലര്‍ എം.ആര്‍. ഗോപന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കല്ലിയൂര്‍ പദ്മകുമാര്‍, ഊക്കോട് ബിനു, ശൈലജ സുരേഷ് ബാബു, വിജയകുമാര്‍, വാര്‍ഡ് അംഗങ്ങളായ മനോജ് കെ.നായര്‍, ചന്തുകൃഷ്ണ, വിജയകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.