കര്‍ണാടക സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു - സുപ്രീംകോടതി

Friday 30 September 2016 4:53 pm IST

ന്യൂദല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. ആവര്‍ത്തിച്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും അത് നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാവാത്തതാണ് സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് കാരണം. കര്‍ണാടകത്തിന്റെ എതിര്‍പ്പുകള്‍ തള്ളിയ സുപ്രീംകോടതി തമിഴ്‌നാടിന് കാവേരിയില്‍ നിന്നും വെള്ളം നല്‍കണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബഞ്ച് വീണ്ടും ഉത്തരവിട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു വരെ സെക്കന്റില്‍ ആറായിരം ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണം. ഒക്ടോബര്‍ നാലിനകം കാവേരി മാനേജുമെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. കര്‍ണാടകം, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ രണ്ടു വീതം പ്രതിനിധികള്‍ ബോര്‍ഡില്‍ ഉണ്ടാവണം. ആരൊക്കെയാണ് പ്രതിനിധികളെന്ന് ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം നാല് മണിക്കകം അറ്റോര്‍ണി ജനറലിനെ അറിയിക്കുകയും വേണം. കാവേരി മാനേജുമെന്റ് ബോര്‍ഡ് കര്‍ണാടകയിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തി ഒക്ടോബര്‍ അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.