സ്ഥാനാര്‍ഥിയുടെ പരാജയം; സിപിഎം ജില്ലാ കമ്മറ്റിയംഗത്തിനെതിരെ നടപടി

Friday 30 September 2016 7:13 pm IST

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കയ്യൂര്‍ചീമേനി ഗ്രാമ പഞ്ചായത്തിലെ 15ാം വാര്‍ഡായ തിമിരിയില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മറ്റിയംഗം വി പി ജാനകിയുള്‍പ്പെടെ നാലു നേതാക്കള്‍ക്കെതിരെ പാര്‍ടടി നടപടി സ്വീകരിക്കുന്നു. ഇതിന്റെ മുന്നോടിയായി വി പി ജാനകി, ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി കെ പി വത്സലന്‍, ഏരിയാ കമ്മറ്റിയംഗം എം അമ്പൂഞ്ഞി, തിമിരി ലോക്കല്‍ സെക്രട്ടറി പി കമലാക്ഷന്‍ എന്നിവര്‍ക്ക് സിപിഎം ജില്ലാ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തിമിരി വാര്‍ഡില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഈ നാലു നേതാക്കള്‍ക്കാണെന്നാണ് നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആരോപണ വിധേയരായ നേതാക്കള്‍ക്ക് നോട്ടീസയക്കുകയുമായിരുന്നു. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെടുന്നത്. കോണ്‍ഗ്രസ് ആദ്യമായി പഞ്ചായത്തില്‍ ഒരു സീറ്റ് നേടുകയും ചെയ്തു. തങ്ങളുടെ ഉരുക്കുകോട്ടയെന്ന് അവകാശപ്പെടുന്ന മണ്ണില്‍ കോണ്‍ഗ്രസ് നേടിയ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. തിമിരി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി വി മുകുന്ദനെക്കാള്‍ 93 വോട്ടുകള്‍ അധികം ലഭിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. തിമിരിയില്‍ പാര്‍ട്ടിക്കകത്ത് നില നില്‍ക്കുന്ന വിഭാഗീയ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമായത്. കയ്യൂര്‍ചീമേനി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്ന വി പി ജാനകി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തിമിരിയില്‍ സിപിഎമ്മിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിയ ശ്രമം പോലും നടത്തിയിരുന്നില്ലെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നത്. സിപിഎം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുചേരികളില്‍ നിന്ന് നിരവധി തവണ നോട്ടീസ് പ്രചരിപ്പിക്കുകയും ത്രിതല പഞ്ചായത്തുകളിലേക്കുള്ള മൂന്ന് സിപിഎം സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളുണ്ടായിരുന്ന പോസ്റ്ററുകളില്‍ നിന്നും ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ തല വെട്ടിമാറ്റിയിട്ടും ഈ പ്രശ്‌നം നേതാക്കള്‍ ഗൗരവത്തിലെടുത്തില്ലെന്നുമാണ് കമ്മീഷന്‍ കണ്ടെത്തിയത്. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, ജില്ലാകമ്മറ്റിയംഗങ്ങളായ കെ ബാലകൃഷ്ണന്‍, കെ പി നാരായണന്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് തിമിരിയിലെ പരാജയം സംബന്ധിച്ച് അന്വേഷണം നടത്തിയത്. സിപിഎമ്മിന്റെ ശക്തിദുര്‍ഗമെന് അവകാശപ്പെടുന്ന തിമരിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തോ ല്‍വി സംസ്ഥാന തലത്തില്‍ തന്നെ വലിയ തെട്ടലാണ് ഇട് പക്ഷത്ത് ഉണ്ടാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.