കണ്ണൂര്‍: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാരായണ നായ്ക് നിര്‍വ്വഹിക്കും. തുടര്‍ന്ന് ജില്ലാ ആശുപത്രി രക്തബാങ്കിന്റെ നേതൃത്വത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പ് നടക്കും. ആരോഗ്യ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ബാലാവകാശസംരക്ഷണ കമ്മീഷന്റെ സംവാദം ഇന്ന്
കണ്ണൂര്‍: ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് സംഘടിപ്പിക്കുന്ന സംവാദം എന്ന ബോധവല്‍ക്കരണ പരിപാടി ഇന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുസ്താഖ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുന്നതിനും അവരുടെ വീക്ഷണങ്ങളും പ്രശ്നങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനുമായി കമ്മീഷന് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണിത്.
രാവിലെ 10 മണിക്ക് കണ്ണൂര്‍ പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശോഭാ കോശി അധ്യക്ഷത വഹിക്കും. കമ്മീഷന് അംഗം കെ.നസീര്‍ പങ്കെടുക്കും. കളമശ്ശേരി രാജഗിരി കോളേജിലെ പരിശീലന വിഭാഗം മേധാവി എസ്.ആര്.രാജീവ് കുട്ടികള്‍ക്കായി ക്ലാസ്സ് നയിക്കും. തുടര്‍ന്ന് ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ആശയങ്ങല്‍ ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കുട്ടികള്‍ അവതരിപ്പിക്കും. ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കുട്ടികളോട് സംവദിക്കും.
ജില്ലയിലെ 40 സ്കൂളുകളിലെ 9, 11 ക്ലാസുകളില്‍ പഠിക്കുന്ന ഒരോ കുട്ടി വീതമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഒരു സ്കൂളില്‍ നിന്ന് ഒരു അധ്യാപകനും പങ്കെടുക്കും. പരിപാടിയില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: