വനം-വന്യ ജീവി ദ്രോഹത്തിനെതിരെ ഉപവാസം : വനനശീകരണ വിരുദ്ധ സമര സമിതി

Friday 30 September 2016 9:49 pm IST

കല്‍പ്പറ്റ : വനം വകുപ്പിന്റെ വനം വന്യജീവി ദ്രോഹത്തിനെതിരെ ഉപവാസവും തെരുവ് ഫോട്ടോ എക്‌സിബിഷനും നടത്തുമെന്ന് വനനശീകരണ വിരുദ്ധസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ ടൂറിസത്തിന്റെയും ഏകവിളത്തോട്ടങ്ങളുടേയും പേരില്‍ നടന്നുകൊണ്ടിരിക്കുന്ന വനം-വന്യജീവി ദ്രോഹനടപടികള്‍ക്കെതിരെയാണ് വന്യജീവിവാരത്തില്‍ ഉപവാസവും തെരുവ് ഫോട്ടോ എക്‌സിബിഷനും ഒപ്പുശേഖരണവും നടത്തുന്നത്. ഒക്‌ടോബര്‍ രണ്ടിന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മാനന്തവാടി ഗാന്ധിപാര്‍ക്കിലാണ് ഉപവാസവും ഫോട്ടോ എക്‌സിബിഷനും സംഘടിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തലപ്പുഴ, പേരിയ, തിരുനെല്ലി, കാട്ടിക്കുളം, ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ എക്‌സിബിഷനും ഒപ്പുശേഖരണവും നടക്കും. ഒമ്പതിന് കല്‍പ്പറ്റയില്‍ വച്ച് പരിപാടിക്ക് സമാപിക്കും. ബ്രഹ്മഗിരി മലയിലും മുനീശ്വരന്‍മുടിയിലും നിര്‍മ്മിച്ച ടൂറിസം കോട്ടേജുകളുടേയും റോഡിന്റെയും പേരിയയില്‍ വനം നശിപ്പിച്ചുണ്ടാക്കിയ ഏകവിളത്തോട്ടത്തിന്റെയും ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കും. വയനാടന്‍ കീടുകളുടെ മൂന്നിലൊന്ന് ഭഗം ഏകവിളത്തോട്ടങ്ങളാക്കിയതും അവശേഷിച്ചവയില്‍ അനിയന്ത്രിത ടൂറിസം നടപ്പാക്കിയതുമാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാന്‍ കാരണം. ഇക്കാര്യങ്ങള്‍ വനം മന്ത്രിയേയും ജനപ്രനിധികളേയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും ധരിപ്പിച്ചിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നത്. പത്രസമ്മേളനത്തില്‍ വനനശീകറണ വിരുദ്ധ സമിതി കണ്‍വീനര്‍ എം. ഗംഗാധരന്‍, എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, അജി കൊളോണിയ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.