ലഭിച്ചത് 21 പരാതികള്‍ ബാലാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

Friday 30 September 2016 10:21 pm IST

സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നതിനെതിരെ പരാതി കണ്ണൂര്‍: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 21 പരാതികള്‍ ലഭിച്ചു. കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം അഡ്വ.കെ.നസീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോവുന്നതും വാഹനങ്ങളില്‍ കര്‍ട്ടനിടുന്നതുമായി ബന്ധപ്പെട്ടതാണ് ലഭിച്ച പരാതികളിലൊന്ന്. ബസ് റൂട്ടുകളില്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്നു കാണിച്ച് ലഭിച്ച പരാതികളും കമ്മീഷന്‍ പരിഗണിച്ചു. സര്‍വീസ് നടത്താന്‍ തയ്യാറായി ബസ്സുടമകള്‍ വന്നാല്‍ ഇത്തരം റൂട്ടുകളില്‍ ബസ് അനുവദിക്കാമെന്ന് ആര്‍ടിഒ കമ്മീഷനെ അറിയിച്ചു. കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ പഴയ നിരത്ത് റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്കും മറ്റും പ്രയാസം സൃഷ്ടിക്കുന്നതായി കാണിച്ച് ലഭിച്ച പരാതിയില്‍ ഇവിടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ലൈംഗികത്തൊഴിലാളികളുടെ കുട്ടികളുടെ കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. വാക്‌സിന്‍ നല്‍കിയതു മൂലം അലര്‍ജി ബാധിച്ച് കുട്ടിമരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടും പരാതികള്‍ ലഭിച്ചതായും കമ്മീഷന്‍ അംഗം അഡ്വ.കെ.നസീര്‍ പറഞ്ഞു. ബാലാവകാശ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായും സംഘടനാ പ്രതിനിധികളുമായും കമ്മീഷന്‍ ചര്‍ച്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.