മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം നവരാത്രി ആഘോഷം നാളെ ആരംഭിക്കും

Friday 30 September 2016 10:22 pm IST

ഇരിട്ടി: മുഴക്കുന്നു മൃദംഗശൈലേശ്വരി ക്ഷ്വേത്രത്തിലെ നവരാത്രി ആഘോഷത്തിന് നാളെ തുടക്കം. ഉത്സവത്തോടനുബന്ധിച്ചു കലാ-സാംസ്‌കാരിക സമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, നൃത്തനൃത്യങ്ങള്‍, കഥകളി, നവരാത്രി സംഗീതോത്സവം, സംഗീത കച്ചേരി, ഭക്തിഗാനസുധ, വേദ മന്ത്രാര്‍ചന, സംഗീതസദസ്സ് തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ 9 ദിവസങ്ങളിലായി ക്ഷേത്രത്തില്‍ നടക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, കാവ്യാ മാധവന്‍ അടക്കമുള്ള പ്രശസ്തരായ താരനിരകള്‍ എന്നിവര്‍ ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. ആഘോഷത്തത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എ അഡ്വ.സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിക്കും. മൃദംഗ ശൈലെശ്വരി ഭക്തിഗാനത്തിന്റെയും മൃദംഗശൈലം ഡോക്യുമെന്ററിയുടെയും പ്രകാശനം കാവ്യാ മാധവന്‍ നിര്‍വഹിക്കും. കലാസന്ധ്യയുടെ ഉദ്ഘാടനം ഗായകന്‍ ദേവദാസ് എറണാകുളം നിര്‍വഹിക്കും. പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മ അനുഗ്രഹ ഭാഷണം നടത്തും. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന, സി.കെ.രവി തുടങ്ങിയവര്‍ പ്രസംഗിക്കും. ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍ കൈലാസ് സ്വാഗതവും, എക്‌സിക്യുട്ടീവ് ഓഫീസര്‍ എ.വി.അശോകന്‍ നന്ദിയും പറയും. തുടര്‍ന്ന് 7 മണിമുതല്‍ കുച്ചുപ്പുടി, ഭരതനാട്യം, തുടങ്ങിയ നൃത്ത നൃത്യങ്ങള്‍ അരങ്ങേറും. 3 ന് വൈകുന്നേരം 4.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ടി.രാമരാജന്‍ അദ്ധ്യക്ഷത വഹിക്കും. വിനയന്‍ കാക്കയങ്ങാട് ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. തുടര്‍ന്ന് രേണുക രവിവര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന കഥകളി, ഭരതശ്രീ കലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറും. 4ന് വൈകുന്നേരം സാംസ്‌കാരിക സമ്മേളനം, പ്രഭാഷണം, തുടര്‍ന്ന് ഭക്തിഗാനസുധ, നൃത്ത നൃത്യങ്ങള്‍, 5ന് വൈകുന്നേരം പുറനാട്ടുകര ശ്രീരാമ കൃഷ്ശ്രണാശ്രമം അദ്ധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദയുടെ പ്രഭാഷണം, 6ന് വൈകുന്നരം കെ.കെ.ചൂളിയാടിന്റെ അധ്യാത്മിക പ്രഭാഷണം, ഭജനമാല, നൃത്ത നൃത്യങ്ങള്‍, 7ന് വൈകുന്നേരം രാഹുല്‍ ഈശ്വര്‍ നടത്തുന്ന പ്രഭാഷണം, നൃത്തനൃത്യങ്ങള്‍, ഭക്തിഗാന സുധ എന്നിവ നടക്കും. 8ന് രാവിലെ 8 മണിമുതല്‍ സംഗീതാര്‍ച്ചന നടക്കും. വൈകുന്നരം പി.എസ്.മോഹന്‍ കൊട്ടിയൂരിന്റെ പ്രഭാഷണം, തുടര്‍ന്ന് കലാസന്ധ്യ, നൃത്ത നൃത്യങ്ങള്‍ എന്നിവ അരങ്ങേറും. 9ന് രാവിലെ സായി വേദവാഹിനി അവതരിപ്പിക്കുന്ന വേദ പുഷ്പാഞ്ജലി, 10മണി മുതല്‍ 12 മണിവരെ ശങ്കര്‍ സുരേഷ് അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന എന്നിവയും നടക്കും. വൈകുന്നേരം 4.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യ ഭാഷണം നടത്തും. മലബാര്‍ ദേവസ്വം പ്രസിഡന്റ് സജീവ് മാറോളി അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നൃത്ത നൃത്യങ്ങള്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, എന്നിവ നടക്കും. 10ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എംപി പി.കെ.ശ്രീമതി അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലാസന്ധ്യ, സുമാ സുരേഷ് അവതരിപ്പിക്കുന്ന വീണക്കച്ചേരി എന്നിവയും വിജയദശമി ദിവസമായ 11ന് രാവിലെ വിശേഷാല്‍ പൂജകള്‍, വിദ്യാരംഭം എന്നിവയും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.