നവരാത്രി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളൊരുങ്ങി

Saturday 1 October 2016 10:38 am IST

കോഴിക്കോട്: നവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ക്ഷേത്രങ്ങളില്‍ പൂര്‍ത്തിയായി. ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷ പരിപാടികള്‍ നാളെ ആരംഭിക്കും. വിശേഷാല്‍ പൂജ, ഭജന, വേദ മന്ത്ര ജപം എന്നിവ നടക്കും. 9 ന് വൈകീട്ട് 6.30ന് ദുര്‍ഗാഷ്ടമി പൂജവെയ്പ്പും 10ന് മഹാനവമി അടച്ചുപൂജ, ഏകാദശ രുദ്രജപയജ്ഞം, 11 ന് രാവിലെ 7 ന് വിജയദശമി പൂജ എടുപ്പ് വിദ്യാരംഭം, സമൂഹ വിദ്യാരംഭം, രാവിലെ 10ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന എന്നിവ നടക്കും. വാഹനപൂജക്കും, കുട്ടികളെ എഴുത്തിനിരുത്തുന്നതിനും ക്ഷേത്രത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തെക്കുതെരുവ് തളി ശ്രീരേണുകാ മാരിയമ്മന്‍ കോവിലിലെ നവരാത്രി മഹോത്സവം നാളെ മുതല്‍ 11 വരെ നടക്കും. നവരാത്രി ആഘോഷ കമ്മിറ്റിയും, കൊയിലാണ്ടി ഭരതാഞ്ജലി പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററും സംയുക്താഭിമുഖ്യത്തില്‍ ഒമ്പതിന് രാവിലെ 5.30 മുതല്‍ വൈകിട്ട് 5.30 വരെ നവരാത്രി മണ്ഡപത്തില്‍ വെച്ച് നൃത്താര്‍ച്ചന നടത്തും. എരഞ്ഞിപ്പാലം ശ്രീ തായാട്ട് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഇന്ന് മുതല്‍ 11 വരെ വിശേഷാല്‍ പൂജകള്‍, വിവിധ കലാപരിപാടികള്‍ എന്നിവയോടെ നടക്കും. സംഗീതാര്‍ച്ചന, പ്രഭാഷണം, നടനസന്ധ്യ, ചാക്യാര്‍കൂത്ത്, ഭക്തിഗാനമേള, നൃത്താര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന, കന്യകാ പൂജ, മാതൃപൂജ, മന്ത്രജപ പരിശീലനം ഔഷധ സേവ, വാഹനപൂജ, വിദ്യാരംഭം എന്നിവയുണ്ടാകും. പുതിയകോവിലകം പറമ്പ് ശ്രീ മാരിയമ്മ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി രണ്ടു മുതല്‍ 11 വരെ വിശേഷാല്‍ പൂജകള്‍ , ചുറ്റുവിളക്ക് തെളിയിക്കല്‍, നവരാത്രി പൂജ, ബൊമ്മക്കൊലു ദര്‍ശനം, ഭജന, പ്രസാദ വിതരണം, പൂജവെയ്പ്പ്, ഔഷധസേവ, നാമജപം എന്നിവ ഉണ്ടായിരിക്കും. രാമനാട്ടുകര, പാലക്കല്‍ ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ നാളെ വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ജി.ബി. ജിനചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സി.എം. ഗോവിന്ദന്‍ എഴുതിയ ധര്‍മ്മപ്രവേശിക പുസ്തകത്തിന്റെ പ്രകാശനം നടക്കും. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 11 വരെ ഗാനാര്‍ച്ചന, തായമ്പക, ഭജന, സംഗീതാര്‍ച്ചന, പഞ്ചാ രി മേളം, പാണ്ടിമേളം, ഓട്ടന്‍തുള്ളല്‍, നൃത്തനൃത്യങ്ങള്‍, ചാക്യാര്‍കൂത്ത്, ധ്രുവമേളം, ഭക്തിഗാനസുധ തുടങ്ങിയവ ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി നാമജപവും ഔഷധസേവയും എല്ലാദിവസവും ഉണ്ടായിരിക്കും. ഈസ്റ്റ്ഹില്‍ ശ്രീ പിഷാരികാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ ഒന്നുമുതല്‍ എട്ടുവരെ പ്രഭാഷണ പരമ്പര നടക്കും. പി. ആര്‍. നാഥന്‍, ബൈജുനാഥ് കക്കാടത്ത്, എടക്കാട് നാരായണന്‍, പി.സി. കൃഷ്ണവര്‍മ്മരാജ, ബ്രഹ്മചാരി വേദചൈതന്യ, രജിത്കുമാര്‍, വീരരാഘവന്‍, സ്വാമി ചിദാനന്ദപുരി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും. കാരന്തൂര്‍ ശ്രീഹരഹരമഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സരസ്വതി പൂജ, അലങ്കാര പൂജ, ചുറ്റുവിളക്ക്, സമുഹ ദേവീ മാഹാത്മ്യ പാരായണം, ലളിതാ സഹസ്രനാമ പാരായണം, ഭജന, വിദ്യാര്‍ത്ഥികള്‍ക്കായി നാമജപം ഔഷധസേവ എന്നിവ എല്ലാദിവസവും ഉണ്ടായിരിക്കും. തൊണ്ടയാട് ചിന്മയ മിഷനില്‍ ഒക്‌ടോബര്‍ രണ്ട് മുതല്‍ 11 വരെ നവരാത്രി വവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 9.30 മുതല്‍ ലളിതാ സഹസ്രനാമ പാരായണം, അഷ്‌ടോത്തരാര്‍ച്ചന, ദേവീ മാഹാത്മ്യ പാരായണം, ആരതി, ഭജന എന്നീ പരിപാടികള്‍ ദിവസവും ഉണ്ടായിരിക്കും. ഒക്‌ടോബര്‍ മൂന്ന്മുതല്‍ എട്ടുവരെ രാവിലെ 10.30 മുതല്‍ 12 വരെ ബ്രഹ്മചാരി മുകുന്ദചൈതന്യ ദേവീമാഹാത്മ്യ യജ്ഞം നടത്തും. ഒമ്പതിന് 9.30 ന് ലളിതാസഹസ്രനാമാര്‍ച്ചനയും, വൈകിട്ട് പുസ്തകവെയ്പ്പും നടക്കും. 10ന് പുസ്തക പൂജയും, ഒക്‌ടോബര്‍ 11ന് രാവിലെ ഏഴു മണിക്ക് വിദ്യാരംഭവും, 10.30ന് മാതൃപൂജയും ഉണ്ടായിരിക്കും. വടകര: ജപ സ്‌കൂള്‍ ഓഫ് മ്യുസിക് മടപ്പള്ളി വിവിധ പരിപാടികളോടെ നവരാത്രി മഹോത്സവം ആഘോഷിക്കുന്നു.ഒക്ടോബര്‍ രണ്ട് മുതല്‍ 11 വരെയാണ് ആഘോഷപരിപാടികള്‍. പരിപാടിയുടെ ഉദ്ഘാടനം മടപ്പള്ളി ജപാ ഓഡിറ്റോറിയത്തില്‍ വെച്ച് ഒക്ടോബര്‍ 2 ന് വൈകുന്നേരം ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി.വി. കവിത ഉദ്ഘാടനംചെയ്യും. കച്ചേരിയുടെ ഉദ്ഘാടനം ജപ സ്‌കൂള്‍ ഓഫ് മ്യുസിക്കിന്റെ ഡയറക്ടര്‍ യു.ജയന നിര്‍വഹിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഡയറക്ടര്‍ ജയന്‍ അറിയിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്‍പതോളം ക്ഷേത്രങ്ങളില്‍ വെച്ച് സംഗീത കച്ചേരി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അഡ്വ.ഇ.നാരായണന്‍നായര്‍, എ. പ്രേംകുമാര്‍എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. രാമനാട്ടുകര: സ്വരസുധ അക്കാദമി ഓഫ് മ്യൂസിക്കിന്റെ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ ഒമ്പതിന് രാവിലെ 8 മണി മുതല്‍ ഫാറൂഖ് കോളജ് അടിവാരത്തുള്ള ശ്രീദേവി ധര്‍മ്മ മന്ദിരത്തില്‍ വെച്ച് നവരാത്രി സംഗീതോത്സവം നടത്തുന്നു. വായ്പാട്ട്, പുല്ലാങ്കുഴല്‍, വയലിന്‍, മൃദംഗം, തബല എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. പക്കമേളം നല്‍കുന്നതായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. അന്ന് രാവിലെ 9 മണിക്ക് ഡ്രോയിംഗ് മത്സരവും സംഘടിപ്പിക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക ഫോണ്‍: 8281229932, 04832830932.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.