കോഴിക്കോട്: കോഴിക്കോടിനെ വയോജന സൗഹൃദ ജില്ലയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വയോജനങ്ങള്‍ക്കായി വിവിധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോക വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പിന്റെയും കേരള സാമൂഹിക സുരക്ഷാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും കോര്‍പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘ വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം ‘ എന്ന പേരില്‍ വയോജന ദിനാഘോഷം സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ച് വരെ മാനാഞ്ചിറ ബിഇഎം സ്കൂളില്‍ നടക്കുന്ന ചടങ്ങ് എക്സൈസ് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് സൗത്ത് എംഎല്‍എ ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് കോര്‍പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും നഗരസഭകളുടെയും പങ്കാളിത്തതോടെ എല്ലാ വയോജനങ്ങള്‍ക്കും വിഭവസമൃദ്ധമായ സദ്യയുമൊരുക്കും.
വയോജനങ്ങള്‍ക്ക് സൗജന്യ നേത്ര പരിശോധനയും തിമിര നിര്‍ണയ ക്യാമ്പും പ്രമേഹ രോഗനിര്‍ണയവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം വയോജനങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികള്‍, മുതിര്‍ന്നവരെ ആദരിക്കല്‍, മുത്തശ്ശിക്കഥ പറയല്‍ മല്‍സരം, ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ തെരഞ്ഞെടുക്കല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിക്കും.
ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: