സഹകരണമേഖലയില്‍ ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍

Saturday 1 October 2016 1:34 pm IST

കൊല്ലം: അഞ്ചുവര്‍ഷം കൊണ്ട് പുതിയ സംരംഭങ്ങള്‍ വഴി സഹകരണമേഖലയില്‍ ഒരുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സഹകരണ മന്ത്രി എ.സി.മെയ്തീന്‍. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സഹകരണ ജീവനക്കാരുടെ മക്കള്‍ക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതിയ തൊഴില്‍മേഖലകളിലേക്ക് സഹകരണ പ്രസ്ഥാനത്തിന്റെ സേവനം വ്യാപിപ്പിക്കും. സഹകരണമേഖലയിലെ നിക്ഷേപത്തെ സംസ്ഥാനത്തിന്റെ സാമ്പത്തികവികാസത്തിന് ഫലപ്രദമായി വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കും. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം കൃത്യതയോടെ നിര്‍വഹിച്ചതിലൂടെ 25 ലക്ഷം കുടുംബങ്ങളിലേക്ക് കൂടി സഹകരണപ്രസ്ഥാനത്തിന് കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ നിക്ഷേപങ്ങള്‍ ആര്‍ജ്ജിക്കുന്നതിന് പെന്‍ഷന്‍ വിതരണത്തിലൂടെ നേടിയ വിശ്വാസ്യത സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും അഭിമാനബോധവും വളര്‍ത്താന്‍ ഉപകരിക്കുന്നതാണ് അവാര്‍ഡ്ദാന ചടങ്ങെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം.മുകേഷ് എംഎല്‍എ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 151 വിദ്യാര്‍ഥികള്‍ കാഷ് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ മേയര്‍ വി.രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, വെല്‍ഫെയല്‍ ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ കെ.രാജഗോപാല്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജന്‍, പി.രാജേന്ദ്രന്‍, പത്മകുമാര്‍, കെ.എന്‍.നാരായണന്‍, കെ.പി.വത്സലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.