ജനാധിപത്യം പാക്കിസ്ഥാനു പറ്റില്ല; പട്ടാളത്തിന് വലിയ പങ്ക്: മുഷാറഫ്

Saturday 1 October 2016 3:46 pm IST

ഇസ്ലാമാബാദ്: സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ പാക്കിസ്ഥാനിലെ ഭരണത്തില്‍ പട്ടാളത്തിന് വലിയ പ്രധാന്യമുണ്ടെന്ന് മുന്‍പ്രസിഡന്റും കരസേനാ മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷറാഫ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് പറയുന്ന സര്‍ക്കാരുകളുടേത് ദുര്‍ഭരണമായതാണ് കാരണം. ജനാധിപത്യം പാക്കിസ്ഥാന്റെ അന്തരീക്ഷത്തിന് യോജിച്ചതല്ല, അതിനാലാണ് പലപ്പോഴും പട്ടാളം ഭരണത്തില്‍ വലിയ പങ്ക് വഹിച്ചത്. കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിന് ചുക്കാന്‍ പിടിച്ച, നവാസ് ഷെരീഫ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച മുഷാറഫ് ഒരഭിമുഖത്തില്‍ പറഞ്ഞു. ഭാരതം നിയന്ത്രണ രേഖ മറികടന്ന് തിരിച്ചടിച്ച സാഹചര്യത്തില്‍ ഷെരീഫിന്റെ കാര്യം വീണ്ടും പരുങ്ങലിലാണെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരമൊരവസ്ഥ വീണ്ടും ഉണ്ടായേക്കാമെന്ന സൂചനയാണ് മുഷാറഫിന്റെ പ്രസ്താവന നല്‍കുന്നത്. പാക് ഭരണഘടനയില്‍ നിയന്ത്രണങ്ങളില്ല,പരിശോധനകളുമില്ല.അതിനാല്‍ രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍, പ്രത്യേകിച്ച് ദുര്‍ഭരണം നടക്കുമ്പോള്‍, പട്ടാളം നിര്‍ബന്ധിതമാകുകയാണ്. ജനങ്ങള്‍ കരസേനാ മേധാവിക്കരുകിലേക്ക് ഓടിച്ചെല്ലുകയാണ്. അങ്ങനെയാണ് സൈന്യം ഇടപെടുന്നത്.അതിനാലാണ് പാക്കിസ്ഥാനില്‍ സൈനിക സര്‍ക്കാരുകളുണ്ടായതും കരസേനയ്ക്ക് വലിയ സ്ഥാനം ലഭിച്ചതും. ജനാധിപത്യ സര്‍ക്കാരുകളെ പട്ടാളം അട്ടിമറിക്കുന്നതിനെ ന്യായീകരിച്ച് മുഷാറഫ് പറഞ്ഞു.പാക് ജനത പട്ടാളത്തെ സ്‌നേഹിക്കുന്നു. അവരില്‍ നിന്ന് പലതും ആവശ്യപ്പെടുന്നു. അമേരിക്ക പാക്കിസ്ഥാനെ തങ്ങളുടെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയാണെന്നും മുഷറാഫ് പറഞ്ഞു. ഒസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനില്‍ ഒളിവില്‍ താമസിക്കുകയാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അഞ്ചു വര്‍ഷം ലാദന്‍ അബൊട്ടാബാദിലെ ഒരു വീട്ടില്‍ താമസിച്ചിരുന്നുവെന്നു പറയുന്നതില്‍ സംശയമുണ്ട്.വന്നും പോയും ഇരുന്നിരിക്കാം. ഒരു മുറിയില്‍ മൂന്നു ഭാര്യമാര്‍ക്കും 18 കുട്ടികള്‍ക്കും ഒപ്പം അഞ്ചു വര്‍ഷം താമസിച്ചുവെന്നു പറയുന്നതില്‍ സംശയമുണ്ട്. ലാദന്‍ തന്നെയാകാം സിഐഎയെ ഫോണില്‍ വിളിച്ച് താന്‍ ഇവിടെയുണ്ടെന്ന് പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.