കണ്ണൂര്‍: ഒരു കാലഘട്ടത്തിന്റെ ചൈതന്യമായിരുന്ന വയോജനങ്ങള്‍ക്ക് ആവശ്യമായ പരിഗണനയും പരിരക്ഷയും നല്കാന് സമൂഹത്തിന് ബാധ്യതയുണ്ടെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി അഭിപ്രായപ്പെട്ടു. വയോജന ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷനും സാമൂഹ്യസുരക്ഷാ മിഷനും സംഘടിപ്പിച്ച വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബ ബന്ധങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്നേഹം വിലക്കുവാങ്ങാന്‍ കഴിയാത്തതാണെന്നും അതിനാല്‍ വയോജനങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ പ്രതേ്യക പരിഗണന നല്‍കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മേയര്‍ ഇ.പി. ലത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉപഹാര വിതരണം നിര്‍വ്വഹിച്ചു. ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. കോര്പ്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ.ടി.ഒ.മോഹനന്, ജമിനി മോഹനന്, പി. ഇന്ദിര, സി.കെ.വിനോദ്, സി.സീനത്ത്, ഷാഹിന മൊയ്തീന്, കൗണ്‍സിലര്‍മാരായ എന്‍.ബാലകൃഷ്ണന് മാസ്റ്റര്‍, അഡ്വ. ലിഷ ദീപക് എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന് സ്വാഗതവും സാമൂഹ്യ സുരക്ഷമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിഷമേരി ജോണ്‍ നന്ദിയും പറഞ്ഞു. വയോജനങ്ങളുടെ കലാപരിപാടികള്‍, അനുഭവം പങ്കു വെക്കല്‍ തുടങ്ങിയവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: