കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: മുന്‍ എംഡിയ്ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസ്

Saturday 1 October 2016 4:06 pm IST

കാസര്‍കോട്: കണ്‍സ്യൂമര്‍ ഫെഡിലെ നിര്‍മ്മാണ പ്രവൃത്തികളുടെ ടെന്‍ഡര്‍ ഇടപാടില്‍ 44.47 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ എംഡിയ്ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുത്തു. കണ്‍സ്യൂമര്‍ഫെഡ് എംഡിയായിരുന്ന റിജി ജി. നായര്‍, കരാറുകാരായ കാഞ്ഞങ്ങാട് സ്വദേശി വി.എം. മനോഹരന്‍, കോഴിക്കോട് സ്വദേശി കെ.വി. നിധീഷ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തത്. കാസര്‍കോട് മഡിയനിലെ കണ്‍സ്യൂമര്‍ഫെഡിന്റെ റീജിയണല്‍ ഓഫീസിലും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഗോഡൗണിലും ഇന്റീരിയര്‍ പ്രവൃത്തി നടത്തിയതിലെ ലക്ഷങ്ങളുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയത്. നാലു മാസത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടു കരാറുകാര്‍ക്ക് അന്നത്തെ മാനേജിങ് ഡയറക്ടര്‍ നിര്‍മാണ അനുമതി നല്‍കുകയായിരുന്നു. വി.എം. മനോഹരന്‍, കെ.വി. നിധീഷ് എന്നീ കരാറുകാര്‍ ചേര്‍ന്ന് 58.47 ലക്ഷം രൂപയുടെ നവീകരണ ജോലികള്‍ നടത്തിയെന്നാണു രേഖകളിലുള്ളത്. എന്നാല്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ വെറും 14 ലക്ഷം രൂപയുടെ ജോലി മാത്രമാണ് നടന്നതെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.