മാക്കേകടവ് - നേരേകടവ് പാലം നിര്‍മ്മാണം ഉടന്‍

Saturday 1 October 2016 7:06 pm IST

പൂച്ചാക്കല്‍: തുറവൂര്‍ –പമ്പാ പാതയിലെ രണ്ടാംഘട്ട പാലമായ മാക്കേകടവ് –നേരേ കടവ് പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. പാതയുടെ ആദ്യഘട്ട പാലമായ തൈക്കാട്ടുശേരി-–തുറവൂര്‍ പാലത്തിന്റെ നിര്‍മാണം ഒരുവര്‍ഷം മുമ്പ് പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തിരുന്നു. പാലം നിര്‍മാണത്തിന്റെ ഭാഗമായിട്ടുളള പൈലിങ് തുടങ്ങുന്നതിനായുളള സാമഗ്രികള്‍ എത്തിച്ചു കഴിഞ്ഞു. മണ്ണുപരിശോധന ഇതിനകം പൂര്‍ത്തിയാക്കി. കൊച്ചി ആസ്ഥാനമായുളള സ്വകാര്യ കമ്പനിക്കാണു പാലം നിര്‍മാണത്തിന്റെ ടെന്‍ഡര്‍. കരാര്‍ ഏറ്റെടുത്തിട്ടുളള കമ്പനി നിര്‍മാണത്തിനാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.നിര്‍മാണത്തിനായി നാലുബാര്‍ജുകള്‍ എത്തിച്ചിട്ടുണ്ട്. ബാര്‍ജുകള്‍ സജ്ജീകരിച്ചിട്ടുളള സ്ഥലം നിര്‍മാണ ആവശ്യത്തിനായി കമ്പനി വാടകയ്‌ക്കെടുത്തിരിക്കുകയാണ്. പാലത്തിന്റെ അന്തിമ രൂപരേഖ അടുത്ത ആഴ്ചയോടെ ലഭിക്കുമെന്നു പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. അപ്രോച്ച് റോഡിനായി മാക്കേക്കടവിലും നേരേ കടവിലും സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണ്. സ്ഥലവില സംബന്ധിച്ചുളള തര്‍ക്കങ്ങള്‍ ഉടമകളുമായി നിലനിന്നിരുന്നെങ്കിലും അവയെല്ലാം പരിഹരിച്ചു വരികയാണെന്നാണ് വിവരം. മാക്കേകടവ്–നേരെകടവ് പാലം പൂര്‍ത്തിയാകുന്നതോടെ അരൂര്‍, ചെല്ലാനം, എഴുപുന്ന, തുറവൂര്‍, പൂച്ചാക്കല്‍ ഭാഗത്തുളളവര്‍ക്കു വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍ ഭാഗത്തേക്കും ശബരിമല, ഭരണങ്ങാനം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും കിലോമീറ്ററോളം ചുറ്റിക്കറങ്ങാതെ എത്തിച്ചേരുവാന്‍ സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.