ഓന്, തോന്നി

Sunday 16 October 2016 10:14 am IST

തോന്നലുകളുടെ അടിസ്ഥാനത്തില്‍ വായില്‍ തോന്നിയതെല്ലാം വിളിച്ചുപറയുന്നയാള്‍ക്ക് തോന്നിവാസി എന്നല്ലാതെ മുഖ്യമന്ത്രി എന്ന് അര്‍ത്ഥമുണ്ടാകുമോ. പിണറായി വിജയന്റെ തോന്നലുകള്‍ക്കനുസരിച്ച് കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും പൊതുജനവുമെല്ലാം പെരുമാറിക്കൊള്ളണമെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ധനമന്ത്രി തോമസ് ഐസക്കിനെ തോന്നിയപാട് മുഖ്യന്‍ അധിക്ഷേപിച്ചെന്നും അതില്‍ കെറീച്ച് ഐസക്ക് മുറിയില്‍ കതകടച്ചിരുന്ന് കരഞ്ഞെന്നും പിന്നെ രാജിക്കത്തെഴുതിയെന്നുമൊക്കെ വാര്‍ത്തകള്‍ പുറത്തുവന്നിട്ട് കാലംകുറേ ആയി. പിണറായിയെ പേടിച്ചാരും വഴി നടക്കാനാകാത്ത അവസ്ഥയാണ് പാര്‍ട്ടിക്കുള്ളില്‍ എന്നതാണ് ഗതി. ബേബി, ഐസക്ക്, സുധാകരന്‍ അച്ചുതണ്ടെന്നൊക്കെ തെരഞ്ഞെടുപ്പിന് മുമ്പ് വാടകസംഘങ്ങള്‍ വാര്‍ത്ത നിരത്തിയിട്ടുണ്ട്. ആദ്യകാലത്ത് ഈ വാടകക്കാര്‍ക്ക് പിണറായി നല്‍കിയിരുന്നത് കുറച്ചുകൂടി മാന്യമെന്ന് തോന്നാവുന്ന വാക്കാണ്, സിന്‍ഡിക്കേറ്റ്. ഇപ്പോഴത്തെ ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്റെ കീഴിലാണ് പാര്‍ട്ടി സെക്രട്ടറിയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നുവത്രെ സിന്‍ഡിക്കേറ്റിന്റെ ഉദ്ദേശ്യം. അമ്മാതിരി എല്ലാ കുതന്ത്രങ്ങളെയും തകര്‍ത്താണ് പിണറായിക്കാരന്‍ വിജയന്‍ അധികാരത്തിലേറിയത്. ആ വിജയനെതിരെയാണ് മഷിക്കുപ്പി സമരവുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ ഇറങ്ങിയത്. സ്വാശ്രയകോളേജുകളില്‍ അഞ്ചാണ്ടത്തെ ഫീസും പിന്നെ തലവരിയും വാങ്ങുന്നുവെന്നും സ്വാശ്രയക്കൊള്ളയ്ക്കാണ് പഴയ ശാസ്ത്രസാഹിത്യപരിഷത്തുകാരന്‍ ഭരിക്കുന്ന വിദ്യാഭ്യാസവകുപ്പ് നേതൃത്വം നല്‍കുന്നതെന്നും പറഞ്ഞാണ് സുധീരന്‍ സുധീരന്റേതെന്നും ചെന്നിത്തല ചെന്നിത്തലയുടേതെന്നും അവകാശപ്പെടുന്ന യൂത്തന്മാര്‍ മഷിക്കുപ്പി സമരം നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണ് തനിക്കെതിരെ കരിങ്കൊടി പിടിച്ചതെന്നാണ്. പ്രശ്‌നം നിയമസഭയ്ക്കുള്ളിലെ ഗോഗ്വാ വിളികളിലേക്ക് നീങ്ങിയപ്പോള്‍ പിണറായിക്ക് വീണ്ടും തോന്നലുദിച്ചു; പ്രസ്ഗ്യാലറിയിലെ ആളുകളെ കാണുന്നതിന്റെ ആവേശത്തിലാണ് ചെന്നിത്തലയും കൂട്ടരും പ്രകടനം നടത്തുന്നത്. കൂട്ടത്തില്‍ പിണറായിയന്‍ വാമൊഴിവഴക്കത്തിന്റെ എല്ലാ സൗന്ദര്യവും പുറത്തുവന്നു. ഇതൊന്നും ഇവിടെ നടക്കില്ലെടോ എന്നും, വേറെ പണിനോക്ക് എന്നും മുഖ്യമന്ത്രി കോണ്‍ഗ്രസുകാരെ നോക്കി ആക്രോശിച്ചു. മൊത്തം രാജ്യത്തെ അവസ്ഥ പരിഗണിച്ചാല്‍ ഇനി വേറെ പണി നോക്കുന്നതാവും നല്ലതെന്ന് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും തോന്നാഞ്ഞിട്ടല്ല. എന്നാലും ചാനലുകളിലൂടെ നാട്ടുകാര്‍ മൊത്തം കണ്ടുകൊണ്ടിരിക്കെ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞൊപ്പൊഴുണ്ടായൊരിണ്ടലിലാണ് പാവം. സിപിഐ നേതാവ് വെളിയം ഭാര്‍ഗവനെ എകെജി സെന്ററില്‍ നിന്ന് ഇറക്കിവിടുമ്പോള്‍ വിജയന്‍ പറഞ്ഞത് ഓര്‍മ്മയില്ലാത്തവരാണ് പിണറായിക്ക് മാന്യമായ ഭാഷ വഴങ്ങുമെന്ന് വിചാരിക്കുന്നത്. എകെജി സെന്ററായിപ്പോയി എന്ന അര്‍ധോക്തിയുടെ ബാക്കി പൂരിപ്പിക്കാനുള്ള ത്രാണി പോലും അന്നത്തെയും പിന്നത്തെയും സിപിഐക്കാര്‍ക്കുണ്ടായിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ നാല് സീറ്റിനും കൊടിവെച്ച കാറിനും വേണ്ടി അമ്മാതിരി പടപ്പുകളുടെ ഓഫീസുപടിക്കല്‍ കാത്തുകെട്ടി കിടക്കുമായിരുന്നില്ല. പരനാറിയും നികൃഷ്ടജീവിയുമൊക്കെ എന്ത്.... ഇതിലും വലുത് ഇനി വരാനിരിക്കുന്നതേ ഉള്ളൂ.... സി.കെ. ശശിയും എ.സി. മൊയ്തീനും മുതല്‍ ദൈവങ്ങള്‍ക്ക് കക്കൂസുണ്ടോ എന്ന് അന്വേഷിച്ച് നടക്കുന്ന മഹാകവി കൊഞ്ജാണന്‍ വരെയുള്ള ഏറാന്മൂളികള്‍ക്ക് മന്ത്രിയാവാനും എംഎല്‍എയാവാനും വഴിയുണ്ടാക്കിയവര്‍ എല്ലാം ശരിയാവുന്നതും കാത്ത് ഇരിക്കുകയേ ഉള്ളൂ. ബിജെപി ദേശീയ കൗണ്‍സില്‍ കഴിഞ്ഞതോടെയാണ് എല്ലാവര്‍ക്കും തോന്നലുകള്‍ ശക്തമായത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് സീറ്റ് ബിജെപി നേടുമെന്നൊരു തോന്നല്‍ ഒരുവശത്ത്. കേരളത്തിലെ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ബിഡിജെഎസ് അകലുന്നുവെന്ന തോന്നല്‍ മറുവശത്ത്. ബിജെപിയുടെ മുന്നേറ്റം സൃഷ്ടിക്കുന്ന അങ്കലാപ്പില്‍ പലരുടെയും തോന്നലുകള്‍ പുറത്തുവന്നപ്പോള്‍ മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗിയാരെന്ന കണ്‍ഫ്യൂഷനിലായി മലയാളികള്‍. ചില സാമ്പിള്‍ വെടിക്കെട്ടുകള്‍ കേട്ടാലറിയാം ഇത്. മനുസ്മൃതി നടപ്പാക്കാനാണ് ബിജെപിക്കാര്‍ കോഴിക്കോട്ട് സമ്മേളനം നടത്തുന്നതെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദളിതരെയും ആദിവാസികളെയും ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് കോഴിക്കോട്ട് നടക്കാന്‍പോകുന്നതെന്ന് വി.എം. സുധീരന്‍. പ്രധാനമന്ത്രി മോദി മാന്യമായി പ്രസംഗിക്കണമെന്ന് മഹാകവി കൊഞ്ജാണന്‍.... അതിനെല്ലാം പുറമെയാണ് തോന്നലുകളില്‍ നിന്ന് വാര്‍ത്ത ഉണ്ടാക്കുന്ന മനോരമ ലേഖകന്റെ വക ബിഡിജെഎസ് ഉലയുന്നു എന്ന കെട്ടുകഥ. ഇയാളുടെ വാര്‍ത്തകള്‍ വായിച്ചാല്‍ തോന്നുക ജാലിയന്‍ കണാരന് മനോരമയുടെ ദല്‍ഹി ബ്യൂറോയിലാണ് ജോലിയെന്നാണ്. ബിജെപിയുടെ കേന്ദ്രഭരണത്തിലേക്കുള്ള വരവിന്റെ തുടക്കം മുതല്‍ ദല്‍ഹിയില്‍ നിന്ന് ആ പത്രത്തില്‍ അച്ചടിച്ചുവരുന്ന വാര്‍ത്തകള്‍ കണ്ടാല്‍ ആര്‍ക്കും ഇത് തോന്നും.. അദ്വാനിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് 163 പ്ലസ് മിഷന്‍, അദ്വാനി ലോക്‌സഭാ സ്പീക്കര്‍, മുരളീ മനോഹര്‍ജോഷി കേന്ദ്ര ആഭ്യന്തര മന്ത്രി, സുരേഷ് ഗോപി എന്‍എഫ്ഡിസി ചെയര്‍മാന്‍, വെള്ളാപ്പള്ളി നടേശന്‍ കേരളത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, കെവിഎസ് ഹരിദാസ് സംസ്ഥാന ബിജെപി നേതൃത്വത്തിലേക്ക്, ബാലശങ്കര്‍ ബിജെപി സംസ്ഥാനപ്രസിഡന്റാവും... തുടങ്ങി ഇപ്പോള്‍ കേരളത്തില്‍ എന്‍ഡിഎ ഉലയുന്നുവരെ ഉഡായിപ്പുകള്‍ നിരവധിയാണ്. കണാരനോട് ഇമ്മാതിരി ബഡായികളൊക്കെ എങ്ങനെ കിട്ടുന്നു എന്ന് ചോദിച്ചു നോക്കണം.. അപ്പോള്‍ കിട്ടാവുന്ന ഒരു മറുപടിയുടെ സാമ്പിള്‍ ഇതാ... 'രാത്രി പന്ത്രണ്ട് മണിയായിക്കാണും.. വാതിലുമ്മേലൊരു മുട്ട്... നോക്കിയപ്പോ ആരാ.... ആരാ.... ആരാന്ന് ചോദിക്ക്... ആരാന്ന് മ്മടെ ഷാജി അല്ലാണ്ടാരാ.... 'ഷാജിയോ?' അതേടോ അമിത് ഷാജീന്നേ.... മൂപ്പരിപ്പോ ഇന്നട്ടപ്പാതിരാക്ക് എന്താത്തിനാന്നും വന്നീക്കണേ എന്താത്തിനാ' മൂപ്പര് പറയ്യാണ്... കണാരാ.. ജ്ജ് പറഞ്ഞാളീ... മ്മടെ പാര്‍ട്ടീനെ രച്ചിക്കാന്‍ യ്യൊരാള് വിചാരിച്ചാലേ കൂടൂന്ന്... മ്മള് പറഞ്ഞ്‌കൊടുക്കണതല്ലേ ഓന്റെ ഇക്കാണണ ബുദ്ധി....' അതിനിടയില്‍ ദൈവങ്ങള്‍ക്ക് കക്കൂസ് ഉണ്ടാക്കിയില്ലെങ്കിലും ഭരണപരിഷ്‌കാരകമ്മറ്റി ചെയര്‍മാന് ഒരു മൂത്രപ്പുരയെങ്കിലും അനുവദിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിഡല്‍ കാസ്‌ട്രോ സ്പീക്കര്‍ക്ക് കത്തുകൊടുത്തത്രെ... ആര്‍ക്കെങ്കിലും അധികമായി എന്തെങ്കിലും തോന്നുന്നതിന് മുമ്പ് അതിനുള്ള സൗകര്യം അടച്ചുപൂട്ടാതിരിക്കാന്‍ ചെയര്‍ തന്നെ കാവലിരിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. വല്ലാത്ത തോന്നലുകളുടെ കാലമാണല്ലോ ഇത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.