കൊച്ചിയില്‍ എണ്ണ ഖാനനമില്ല

Saturday 24 March 2012 10:29 pm IST

കൊച്ചി: കൊച്ചി തീരത്തെ എണ്ണ ഖാനന പദ്ധതിക്ക്‌ കേന്ദ്രാനുമതിയില്ല. വരുമാനം കുറവാകുമെന്നതിനാല്‍ പദ്ധതിക്ക്‌ അനുമതി നല്‍കേണ്ടതില്ലെന്ന്‌ കേന്ദ്രമന്ത്രിസഭായോഗം തീരുമാനമെടുക്കുകയായിരുന്നു. കൊച്ചിയടക്കം 14 പദ്ധതികള്‍ക്കാണ്‌ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അനുമതി നിഷേധിച്ചത്‌.
അതേസമയം പതിനാറ്‌ പാചകവാതക ഖാനന പദ്ധതികള്‍ക്ക്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്‌. ഒഎന്‍ജിസി ബിപിആര്‍എല്‍ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായിട്ടാണ്‌ കൊച്ചി തുറമുഖത്ത്‌ എണ്ണ ഖാനനത്തിന്‌ അനുമതി നേടിയിരുന്നത്‌.
കൊച്ചി തീരത്ത്‌ ഒഎന്‍ജിസിയും റിലയന്‍സ്‌ പെട്രോളിയം കോര്‍പ്പറേഷനും സംയുക്തമായി എണ്ണ ഖാനനം നടത്തിയിരുന്നു. ഇതില്‍ വ്യാവസായികാടിസ്ഥാനത്തില്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ വന്‍തോതില്‍ എണ്ണ സാന്നിധ്യമില്ലെന്ന്‌ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ എണ്ണക്കിണറുകള്‍ വികസിപ്പിച്ചെടുത്താല്‍ ലാഭകരമായി നടത്തിക്കൊണ്ടുപോകാനാകില്ലെന്നാണ്‌ കേന്ദ്ര പെട്രോളിയം മന്ത്രാലയം വിലയിരുത്തിയത്‌. ഇത്‌ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.
കൊച്ചി തീരത്തുനിന്ന്‌ 130 കിലോമീറ്റര്‍ അകലെ കടലിന്‌ രണ്ട്‌ കിലോമീറ്റര്‍ വരെ ആഴമുള്ള ഭാഗത്തായിരുന്നു ഖാനനം. 135 ദിവസം കൊണ്ട്‌ 6500 മീറ്റര്‍ ഖാനനം നടത്തിയത്‌ ഇതിന്‌ 600 കോടിയോളം രൂപ ചെലവായി. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ധീരുഭായ്‌ അംബാനി-രണ്ട്‌ എന്ന കൂറ്റന്‍ ഋഗ്ഗറാണ്‌ ഖാനനത്തിന്‌ ഉപയോഗിച്ചിരുന്നത്‌. ഋഗ്‌ വാടക ഉള്‍പ്പെടെ ഒരു ദിവസം അഞ്ച്‌ കോടി രൂപയോളമായിരുന്നു ഖാനനത്തിന്‌ ചെലവായത്‌. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയില്‍ 65 ടണ്‍ ഹൈഡ്രോ കാര്‍ബണ്‍ സാന്നിധ്യമുണ്ടെന്ന്‌ ഒഎന്‍ജിസി കണ്ടെത്തിയിരുന്നു. കൃഷ്ണ-ഗോദാവരി റിവര്‍ബേസിനില്‍ നേരത്തെ കണ്ടെത്തിയതിലും ഉയര്‍ന്ന തോതിലുള്ള എണ്ണ നിക്ഷേപം കൊച്ചിയില്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ എണ്ണക്കിണര്‍ കുഴിച്ച്‌ പര്യവേഷണം നടത്തിയത്‌.
എന്നാല്‍ കൊച്ചിയില്‍ എണ്ണഖനനം കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്ന്‌ വെച്ചിട്ടില്ലെന്ന്‌ കേന്ദ്രമന്ത്രി കെ.വി. തോമസ്‌ കൊച്ചിയില്‍ പറഞ്ഞു. അനുമതി ലഭിക്കാത്ത പദ്ധതികള്‍ സര്‍ക്കാരിന്‌ വാഗ്ദാനം ചെയ്തത്‌ 6.7 ശതമാനം ലാഭവിഹിതം മാത്രമാണ്‌.
കേരള തീരം ഉള്‍പ്പെടുന്ന കേരള കോംഗ്കണ്‍ തടത്തില്‍ ഇന്ധന എണ്ണയുടെ അടിസ്ഥാന ഘടകമായ ഹഡ്രോ കാര്‍ബണിന്റെ 660 മില്യണ്‍ മെട്രിക്‌ ടണ്‍ (66 കോടി ടണ്‍) നിക്ഷേപസാധ്യതയുള്ളതായിട്ട്‌ സാധ്യതാ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ വന്‍ പ്രതീക്ഷയുമായി 2009 ഓഗസ്റ്റ്‌ രണ്ടിന്‌ കൊച്ചി തീരത്ത്‌ ഖാനനവും ആരംഭിച്ചത്‌.
കൊച്ചി തീരത്തു നിന്ന്‌ 130 കിലോമീറ്റര്‍ അകലെ കടലിന്‌ രണ്ട്‌ കിലോമീറ്റര്‍ വരെ ആഴമുള്ള ഭാഗത്തായിരുന്നു ഖാനനം നടന്നത്‌. കടല്‍ വെള്ളത്തിന്‌ രണ്ട്‌ കിലോമീറ്ററോളം ആഴമുള്ള ഭാഗത്ത്‌ ഒഎന്‍ജിസി ഖാനനം നടത്തുന്നത്‌ ഇത്‌ ആദ്യമായിട്ടായിരുന്നു. 100 ദിവസം നിശ്ചയിച്ച്‌ ആരംഭിച്ച ഖാനനം 135 ദിവസം കൊണ്ടാണ്‌ 6500 മീറ്റര്‍ ആഴം എന്ന ലക്ഷ്യത്തിലെത്തിയത്‌. 400 കോടി രൂപ മുടക്കുമുതല്‍ നിശ്ചയിച്ചിരുന്ന ഖാനനത്തിന്‌ 600 കോടിയോളം രൂപ ചെലവായി.
ഒഎന്‍ജിസിയുടെ ജിയോഫിസിക്കല്‍ ഫീല്‍ഡ്‌ ടീം മുന്‍പു പലതവണ ഈ മേഖലയില്‍ നടത്തിയ പര്യവേക്ഷണത്തിലും രാസപരിശോധനകളിലും ഇന്ധന ലഭ്യതയുടെ സാധ്യത വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണു രണ്ടാംഘട്ടമായി കൃത്യമായി നിശ്ചയിച്ച സ്ഥാനത്ത്‌ ആഴത്തില്‍ കുഴിച്ച്‌ ഇന്ധനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്‌.
സ്വന്തം ലേഖകന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.