പരിയാരം, കൂത്തുപറമ്പ് വെടിവെപ്പ്; വിശദീകരിക്കാനാവാതെ സിപിഎം നേതൃത്വം വെട്ടില്‍

Saturday 1 October 2016 9:57 pm IST

കണ്ണൂര്‍: സ്വാശ്രയ വിവാദങ്ങളില്‍ കുടുങ്ങി സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും പ്രതിരോധത്തില്‍. മുമ്പ് സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കാനുളള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും അഞ്ച് ഡിവൈഎഫ്‌ഐക്കാരെ ബലി നല്‍കുകയും ചെയ്ത സിപിഎം നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ പെടാപ്പാടുപെടുകയാണ്. പാര്‍ട്ടി ഭരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിലുള്‍പ്പെടെ ഫീസ് വര്‍ദ്ധിപ്പിച്ചതിനെ ന്യായീകരിക്കാനാവാതെ പാര്‍ട്ടി ബുദ്ധിമുട്ടുന്നു. 1994 നവംബര്‍ 25 ന് അന്നത്തെ സഹകരണ മന്ത്രിയും സിപിഎമ്മിന്റെ ബദ്ധശത്രുവുമായ എം.വി.രാഘവനെ ആയിരക്കണക്കിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂത്തുപറമ്പില്‍വെച്ച് തടഞ്ഞു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെച്ചു. അഞ്ച് പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ എല്‍ഡിഎഫ് വന്നപ്പോടും പാര്‍ട്ടി നേത്വത്വത്തില്‍ തന്നെ സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ചു. ഇത്തരം സ്ഥാപനങ്ങളിലെ സീറ്റുകള്‍ വിറ്റും നിയമനങ്ങള്‍ നടത്തിയും നേതാക്കളും പാര്‍ട്ടിയും കോടികള്‍ സമ്പാദിച്ചു. എറ്റവും വലിയ സ്വാശ്രയ സ്ഥാപനമായ പരിയാരം മെഡിക്കല്‍ കോളേജ് പിടിച്ചെടുത്ത പാര്‍ട്ടി മെറിറ്റ് സീറ്റും എന്‍ആര്‍ഐ സീറ്റും ഉള്‍പ്പെടെ വിറ്റ് ലക്ഷങ്ങള്‍ നേടി. മുഖ്യമന്ത്രി പിണറായി വിജയന്റേതടക്കമുള്ള നേതാക്കളുടെ മക്കള്‍ ലക്ഷങ്ങള്‍ ഫീസ് നല്‍കി സ്വാശ്രയ ഡിഗ്രികളുമായി വിദേശങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. കൂത്തുപറമ്പ് രക്തസാക്ഷികളെ പാര്‍ട്ടി മറന്നു. ഇപ്പോള്‍ വീണ്ടും അധികാരത്തിലെത്തിയപ്പോഴും സ്വാശ്രയ മാനേജുമെന്റുകളുമായി ഒത്തുകളിച്ച് ഫീസ് ഭീമമായി വര്‍ദ്ധിപ്പിച്ചു. പരിയാരത്ത് കഴിഞ്ഞ വര്‍ഷം മെറിറ്റില്‍ ഒന്നര ലക്ഷം രൂപയായിരുന്നു ഫീസ്. ഇത്തവണ സ്വാശ്രയ കോളേജുകള്‍ക്ക് സമാനമായി രണ്ടര ലക്ഷം രൂപ വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്‍ആര്‍ഐ സീറ്റില്‍ 12 ലക്ഷമായിരുന്നത് നേരെ ഇരട്ടിയാക്കി. മാനേജ്‌മെന്റ് ക്വാട്ടയിലും മെറിറ്റ് സീറ്റിലും സ്വാശ്രയ കോളേജുകളേക്കാളും കുറഞ്ഞ ഫീസ് മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈടാക്കിയിരുന്നത്. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ ഫീസ് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ കൂടുംബങ്ങളോടും പാര്‍ട്ടി അണികളോടും മറുപടി പറയാനാവാത്ത സാഹചര്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.