പീരുമേട്ടിലെ തോട്ടം മേഖലയില്‍ മനുഷ്യാവകാശ ലംഘനമെന്ന് റിപ്പോര്‍ട്ട്

Saturday 1 October 2016 9:59 pm IST

കുമളി: പീരുമേട് മേഖലയിലെ വന്‍കിട തേയിലത്തോട്ടങ്ങളില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം നടക്കുന്നതായി പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സാമൂഹ്യ പ്രവര്‍ത്തകനായ ഗിന്നസ് മാടസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണത്തിന് വഴി തെളിഞ്ഞത്. സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. പീരുമേട് താലൂക്കില്‍ നാല് വന്‍കിട തോട്ടങ്ങള്‍ പൂട്ടി കിടക്കുകയാണ്. തുറന്നു പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് നിയമപരമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ കാലപ്പഴക്കം മൂലം ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന സാഹചര്യമാണ്. ചികിത്സയ്ക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് തൊഴിലാളി ലയങ്ങളുടെ ശോച്യാവസ്ഥയാണ്. തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ എന്ന പേരില്‍ ഏക്കര്‍കണക്കിന് തോട്ടങ്ങള്‍ മാനേജ്‌മെന്റുകള്‍ മുറിച്ചു വിറ്റു. സ്ഥലം വാങ്ങിയവര്‍ ചട്ടങ്ങള്‍ ലംഘിച്ച് റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുകയാണ്. 1250 കോടി രൂപ തോട്ടം മേഖലയിലെ ലയങ്ങളുടെ ആധുനികവത്ക്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നീക്കി വച്ചതായി പറയുന്നുണ്ടെങ്കിലും ഗുണഭോക്താക്കളായ തൊഴിലാളികള്‍ ദുരിതക്കയത്തില്‍ തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.