റിയല്‍ എസ്‌റ്റേറ്റ് മാഫിയക്ക് ജില്ലാ പഞ്ചായത്ത് വക റോഡ്

Saturday 1 October 2016 10:16 pm IST

ആലുവ: അനധികൃതമായി പാടശേഖരം മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്ന് വെള്ളക്കെട്ടിലായ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി സ്‌റ്റേ ഉത്തരവ് നിലനില്‍ക്കുന്ന ഭൂമിയിലേക്കുള്ള റോഡ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടൈല്‍ വിരിക്കാന്‍ നീക്കം നടത്തുന്നതായി ആക്ഷേപം. എടത്തല പഞ്ചായത്ത് 17ാം വാര്‍ഡില്‍ മലയപ്പിള്ളി ഐലാറ്റമറ്റം പാടശേഖരത്തിലെ ഒന്നര ഏക്കറോളം പാടം മണ്ണിട്ട് നികത്തിയ ഭൂമാഫിയയെ സഹായിക്കുന്നതാണ് ജില്ലാ പഞ്ചായത്തിന്റെ നടപടിയെന്ന് പരിസരവാസികളായ മംഗലമുണ്ടക്കല്‍ പുഷ്പരാജ്, അമ്പലകുളത്ത് ഷാജി, ഭാര്യ ഷെമി ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ടൈല്‍ വിരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വഴി അളക്കാന്‍ ഉദേ്യാഗസ്ഥരെത്തിയപ്പോഴാണ് നവീകരിക്കാന്‍ ഫണ്ട് അനുവദിച്ച വിവരം നാട്ടുകാര്‍ അറിയുന്നത്. ഇത് സംബന്ധിച്ച് റവന്യു മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നാല് വര്‍ഷത്തോളമായി പരിസരവാസികള്‍ നീതിക്കായുള്ള പോരാട്ടം തുടരുകയാണ്. വാടടക്ക് താമസിക്കുന്ന പരാതിക്കാരില്‍ ചിലരെ കെട്ടിട ഉമയെ സ്വാധീനിച്ച് ഒഴിപ്പിച്ചതായും ഇവര്‍ ആരോപിച്ചു. കഴിഞ്ഞ മഴക്കാലത്ത് വീടിന് മുറ്റത്ത് മുട്ടോളം വെള്ളം ഉയര്‍ന്നിരുന്നു. പലവട്ടം റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല, ഒരിക്കല്‍ ഭൂമാഫിയയുടെ സ്വകാര്യ വാഹനത്തിലാണ് തഹസില്‍ദാര്‍ പരാതി അന്വേഷിക്കാനെത്തിയത്. പരാതിയുമായി മുന്നോട്ട് പോയാല്‍ തന്റെ വീടിരിക്കുന്ന സ്ഥലവും നിലത്തിന്റെ പരിഗണനയില്‍പ്പെടുന്നതാണെന്നും കെട്ടിടം പൊളിക്കേണ്ടിവരുമെന്നും പറഞ്ഞായിരുന്നു ഭീഷണി. പാടശേഖരത്തില്‍ മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്ന് മഴക്കാലത്ത് വെള്ളം ഉയര്‍ന്നപ്പോള്‍ സെപ്റ്റിക് ടാങ്കിലെ മാലിന്യവും കിണറില്‍ കലര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.