വെളിപ്പെടുത്തിയത് 65,250 കോടിയുടെ കള്ളപ്പണം

Saturday 1 October 2016 10:23 pm IST

ന്യൂദല്‍ഹി: കള്ളപ്പണവും അനധികൃത വരുമാനവും വെളിപ്പെടുത്താനുള്ള പദ്ധതിയിലൂടെ 65,250 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍. 64,275 പേരാണ് അനധികൃത സ്വത്ത് വെളിപ്പെടുത്തിയത്. നികുതിയിനത്തില്‍ 30,000 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ലഭിക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. സ്വമേധയാ ആസ്തി വെളിപ്പെടുത്തി നിയമനടപടികള്‍ ഒഴിവാക്കാന്‍ കേന്ദ്രം അനുവദിച്ച സമയപരിധി വെള്ളിയാഴ്ച അവസാനിച്ചു. പരിശോധന നടക്കുകയാണെന്നും തുക ഇനിയും ഉയരാമെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഹൈദരാബാദ് (13,000 കോടി), മുംബൈ (8,500 കോടി), ദല്‍ഹി (6,000 കോടി), കൊല്‍ക്കത്ത (4,000 കോടി) തുടങ്ങിയ നഗരങ്ങളിലാണ് ഏറ്റവുമധികം വെളിപ്പെടുത്തലുണ്ടായത്. ഒരാള്‍ക്ക് ശരാശരി ഒരു കോടി രൂപയാണ് കള്ളപ്പണം. ആസ്തി വെളിപ്പെടുത്തിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. സമ്പാദ്യത്തിന്റെ 45 ശതനമാനം നികുതി, പിഴ, സര്‍ചാര്‍ജ് എന്നിവ നല്‍കി ആസ്തി വെളിപ്പെടുത്തി നിയമ നടപടി ഒഴിവാക്കാമെന്നതായിരുന്നു പദ്ധതി. 2017 സപ്തംബറിനുള്ളില്‍ മൂന്ന് ഗഡുക്കളായിട്ടാണ് തുക അടയ്‌ക്കേണ്ടത്. ആദ്യ ഗഡു 25 ശതമാനം അടുത്ത മാസവും രണ്ടാമത്തെ ഗഡു 25 ശതമാനം അടുത്ത മാര്‍ച്ചിലും ബാക്കിയുള്ളത് സപ്തംബറിനുള്ളിലും. കള്ളപ്പണം പിടിക്കപ്പെട്ടാല്‍ ഇനി കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. കള്ളപ്പണത്തിനെതിരായ കര്‍ശന നടപടി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. അനുവദിച്ച സമയം കഴിഞ്ഞും വരുമാനം വെളിപ്പെടുത്താത്തവര്‍ ജയില്‍ ശിക്ഷ ഉള്‍പ്പെടെ അനുഭവിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വമേധയാ വെളിപ്പെടുത്തുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പ് നല്‍കി. വെളിപ്പെടുത്തിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടതില്ല. നേരത്തെ നികുതിവിധേയമെന്ന് തിട്ടപ്പെടുത്തുകയും നികുതി നല്‍കാതിരിക്കുകയും ചെയ്ത ആസ്തികള്‍ക്ക് ഇളവനുവദിച്ചിട്ടില്ല. പദ്ധതി വിജയമാക്കിയതിന് ധനകാര്യമന്ത്രിയെയും സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പദ്ധതിയിലൂടെ സര്‍ക്കാരിന് ലഭിച്ച അധിക വരുമാനം ബജറ്റ് കമ്മി മറികടക്കാന്‍ സഹായിക്കും. ഇതിന് സമാനമായി വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം വെളിപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിലൂടെ 4,164 കോടിയുടെ കള്ളപ്പണം വെളിപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.