വോട്ടിന്‌ കോഴ: അന്വേഷണ പുരോഗതി ഹാജരാക്കാന്‍ നിര്‍ദ്ദേശം

Thursday 7 July 2011 4:05 pm IST

ന്യൂദല്‍ഹി: 2008ലെ ഒന്നാം യു.പി.എ സര്‍ക്കാരിന്‌ വിശ്വാസ വോട്ടില്‍ വിജയിക്കുന്നതിന്‌ എം.പിമാര്‍ക്ക്‌ കോഴ നല്‍കിയെന്ന കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ ദല്‍ഹി പോലീസിന്‌ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. സംഭവത്തെ കുറിച്ച്‌ പ്രഥമവിവര റിപ്പോര്‍ട്ട്‌ ഫയല്‍ ചെയ്‌തിട്ടുണ്ടെന്നും, രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാവുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചപ്പോഴാണ്‌ കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച്‌ അറിയിക്കാന്‍ ജസ്റ്റീസ്‌ അഫ്‌താബ്‌ ആലം അധ്യക്ഷനായ ബെഞ്ച്‌ നിര്‍ദ്ദേശിച്ചത്‌. ജൂലായ്‌ 15നകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. മുദ്രവെച്ചകവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമണ്യം കോടതിയെ അറിയിച്ചു. കേസ്‌ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസത്തെ സമയം വളരെ കൂടുതലാണ്‌. കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച്‌ കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വോട്ടിന്‌ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട രാഷ്‌ട്രീയക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ജെ.എം.ലിംഗ്‌ദോ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌.