പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ഉത്തരമലബാറുകാരില്‍ പ്രതീക്ഷയുണര്‍ത്തുന്നു

Monday 3 October 2016 12:17 am IST

തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഉത്തരമലബാറുകാരില്‍ വീണ്ടും പ്രതീക്ഷയുണര്‍ത്തി. യുഡിഎഫ് സര്‍ക്കാര്‍ നിരവധി തവണ പരിയാരം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രഖ്യാപനം ജലരേഖയായി മാറുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞദിവസമാണ് പിണറായി വിജയന്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചത്. മൂന്നുവര്‍ഷം മുമ്പ് മുഖ്യമന്ത്രി ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയെങ്കിലും മന്ത്രിസഭ മാറുന്നതുവരെയും ഇതിന്റെ ഒരു കടലാസ് പണിയും നടന്നിട്ടില്ല. മെഡിക്കല്‍ കോളേജിന് സ്വന്തമായ ഭൂമിയില്ലെന്ന കാരണത്താല്‍ ഐഎംസിയുടെ അംഗീകാരത്തിന് ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്താന്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. നിലവിലുള്ള പല പിജി കോഴ്‌സുകള്‍ക്കും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അംഗീകാരമില്ലാതായതിനാല്‍ കുട്ടികള്‍ തുടര്‍പഠനത്തിനും ജോലിക്കും ബുദ്ധിമുട്ടുകയാണ്. മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് വിദഗ്ധ ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമായി മാറിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ പലരും അന്യസംസ്ഥാനങ്ങളിലെ ആശുപത്രികളെ അഭയം പ്രാപിക്കുകയാണ്. ഒരു ജില്ലക്ക് ഒരു മെഡിക്കല്‍ കോളേജ് എന്ന സര്‍ക്കാര്‍ പ്രഖ്യാപനവും പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടു കൂടി യാഥാര്‍ത്ഥ്യമാകും. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് പരിയാരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നു. ഹഡ്‌കോ വായ്പയുടെ പലിശ കുറക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഹഡ്‌കോ ചെയര്‍മാനുമായി സംസാരിച്ചിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. നിലവിലുള്ള ജീവനക്കാരെ മുഴുവന്‍ നിലനിര്‍ത്തി മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനാവില്ല എന്ന നിലപാടില്‍ യുഡിഎഫ് സര്‍ക്കാര്‍ ഉറച്ചുനിന്നതും തീരുമാനം നീളാനിടയായി. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ മൂന്ന് തവണ കോളേജ് സന്ദര്‍ശിച്ച് നടത്തിയ അന്വേഷണത്തിലും ഉദ്യോഗസ്ഥ ബാഹുല്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് അന്ന് സിപിഎം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ നിലവിലുള്ള മുഴുവന്‍ ജീവനക്കാരെയും നിലനിര്‍ത്തേണ്ടിവരും. യോഗ്യതയുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിന് സഖാക്കളെയാണ് സിപിഎം ഭരണത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തിരുകിക്കയറ്റിയിട്ടുള്ളത്. കഴിഞ്ഞമാസം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയെങ്കിലും കോളേജിന്റെ അംഗീകാരം നിലനിര്‍ത്താനുള്ള നടപടി സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മെഡിക്കല്‍ കോളേജിന്റെ അംഗീകാരം ഇപ്പോഴും തുലാസിലാണുള്ളത്. സ്ഥാപനത്തിന്റെ നിലനില്‍പ്പിന് സര്‍ക്കാര്‍ ഇടപെടവല്‍ അനിവാര്യമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.