തമിഴ്നാട്ടില്‍ നിന്നും ഹൃദയം എത്തിക്കുവാനുള്ള ശ്രമം ഉപേക്ഷിച്ചു

Monday 3 October 2016 5:22 pm IST

തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും കെ.എന്‍.ഒ.എസ്. (മൃതസഞ്ജീവനി) വഴി എറണാകുളത്ത് ഹൃദയം എത്തിക്കുവാനുള്ള ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഈറോഡ് സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ നിര്‍മ്മല്‍ കുമാറിന്റെ(17) ഹൃദയം വിദഗ്ധ പരിശോധനയില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്ന ജിതേഷിന്(32) അനുയോജ്യമല്ലെന്ന് കണ്ടെത്തിയിനെ തുടര്‍ന്നാണ് ഈ ശ്രമം ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ച നിര്‍മ്മല്‍കുമാറിന്റെ ഹൃദയം തമിഴ്നാട്ടില്‍ ചികിത്സയിലുള്ളവര്‍ക്ക് ചേരില്ലെന്ന് മനസിലാക്കി കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനിയെ വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് മൃതസഞ്ജീവനി ടീം അടിയന്തിരമായി ഇടപെടുകയും മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം ലിസി ആശുപത്രിയിലെ സൂപ്പര്‍ അര്‍ജന്റ് രോഗിയായ ജിതേഷിന് ഹൃദയം ചേരുമെന്ന് കണ്ടെത്തിയത്. കോവൈ മെഡിക്കല്‍ സെന്ററില്‍ നടന്ന പരിശോധനയില്‍ ഹൃദയം ജിതേഷിന് അനുയോജ്യമാണെന്നുള്ള പ്രാഥമിക നിഗമനത്തെതുടര്‍ന്ന് ഹൃദയമെടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ലിസി ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് പുറപ്പെട്ട് കോയമ്പത്തൂരിലെത്തി പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തിക്കുവാനായിരുന്നു തീരുമാനം. ഇതിനായി സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് സ്വകാര്യ വിമാനം കൊച്ചി നാവിക സേന താവളത്തിലിറക്കുവാനുളള അനുമതിയും ലഭിച്ചിരുന്നു. ഇതിനിടയില്‍ നിര്‍മ്മല്‍ കുമാറിനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. വിശദമായ പരിശോധനയില്‍ ഹൃദയം ജിതേഷിന് അനുയോജ്യമല്ല എന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തുവാനുള്ള തീരുമാനം ഡോക്ടര്‍മാര്‍ ഉപേക്ഷിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.