ഓട്ടോ ഡ്രൈവര്‍മാരും പോലീസുകാരനും തമ്മില്‍ സംഘട്ടനം

Monday 3 October 2016 10:28 pm IST

കാഞ്ഞിരപ്പള്ളി: ബസ്സ്റ്റാന്റിന് സമീപത്തെ ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിനരികെ കാര്‍ പാര്‍ക്ക് ചെയ്തുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാരും പോലീസുകാരനും തമ്മില്‍ സംഘട്ടനം. സംഭവത്തില്‍ പോലീസുകാരന്റെ വലതു കൈ ഒടിഞ്ഞു. പരുക്കേറ്റ ഭാര്യയും ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഘട്ടനവുമായി ബന്ധപ്പെട്ട് രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ്‌ചെയ്തു. കൈ തല്ലിയൊടിച്ചതിനും ഭാര്യയെ മര്‍ദ്ദിക്കുകയും അപമാനിച്ച് പെരുമാറിയതിനുമാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഓട്ടോ ഡ്രൈവര്‍മാരെ പോലീസുകാരന്‍ മര്‍ദ്ദിച്ചെന്നും പിന്നീട് സ്റ്റേഷനില്‍ വച്ചും മര്‍ദ്ദിച്ചെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ആരോപിച്ചു. കഴിഞ്ഞദിവസം ബസ്സ്റ്റാന്റ് ജംങ്ഷനിലെ ബാങ്ക് ഓഫ് ബറോഡ കാഞ്ഞിപ്പള്ളി ശാഖയ്ക്കു മുമ്പിലായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പാലാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ തിടനാട് തോട്ടക്കരവീട്ടില്‍ ജസ്റ്റിന്‍ ജോസഫ് ഭാര്യ ഷൈനിമോള്‍ നാലു വയസുള്ള മകന്‍, ഭാര്യയുടെ സഹോദരന്‍ എന്നിവര്‍ കാര്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്ത ശേഷം ബാങ്കിലേക്ക് കയറി. തിരിച്ചെത്തിയ ഇവര്‍ കാര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ ചെരിപുറം സഫറുള്ള ഇവരെ അസഭ്യം പറഞ്ഞു. ഓട്ടോസ്റ്റാന്റില്‍ കാര്‍ പാര്‍ക്ക് ചെയ്തുവെന്ന് പറഞ്ഞാണ് അസഭ്യം പറഞ്ഞത് വാക്കേറ്റവും തുടര്‍ന്ന് അടിപിടിയുമായി. ഇതിനിടെ സ്റ്റാന്റിലെ മറ്റൊരു ഡ്രൈവര്‍ പൂതക്കുഴി സ്വദേശി സുനിലും ഇടപെട്ടു. തടസം പിടിച്ച പോലീസുകാരന്റെ ഭാര്യ നിലത്തുവീഴുകയും ഇവരുടെ കൈവശമുണ്ടായിരുന്ന പണം റോഡില്‍ ചിതറി വീഴുകയും ചെയ്തു. ഉടന്‍ പോലീസുകാരന്‍ അറിയിച്ചതനുസരിച്ച് സ്റ്റേഷനില്‍ നിന്നും എസ്‌ഐ എത്തി ഓട്ടോ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ ചികില്‍സ തേടിയ സിവില്‍ പോലീസ് ഓഫിസര്‍ ജസ്റ്റിന്റെ കൈയ്യ്ക്ക് ഒടിവുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്‌ളാസ്റ്ററിട്ടു. ജസ്റ്റിനും ഭാര്യ ഷൈനിയും ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.