തിരുവനന്തപുരം: പേരൂര്‍ക്കട ഊളമ്പാറ മാനസികാരോഗ്യ ആശുപത്രിയില്‍ കേന്ദ്രസഹായം ലഭ്യമാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ഗാന്ധിജയന്തിക്ക് ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലം സംഘടിപ്പിച്ച സ്വച്ഛ് ഭാരത് ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശുപത്രിയിലെ വികസനവുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്കുന്ന വിവരമനുസരിച്ച് ആവശ്യം വേണ്ട സഹായം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ക്ക് കുമ്മനം ഉറപ്പ് നല്കി.
കാടു പിടിച്ച് കിടന്ന ആശുപത്രി വളപ്പാണ് വൃത്തിയാക്കിയത്. അന്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനവും കാടുകള്‍ വെട്ടിതെളിച്ചു.
വൃത്തിയാക്കിയ പ്രദേശങ്ങള്‍ കാട് കയറാതിരിക്കാന്‍ പച്ചക്കറി തോട്ടം നിര്‍മ്മിക്കണം. ഇതിന് വേണ്ടി മഹിളാ മോര്‍ച്ചയുടെ സേവനം ആശുപത്രിക്ക് ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന രോഗികളേയും ബ്രഡ് നിര്‍മ്മാണ ഫാക്ടറിയും തുണിനെയ്ത്ത് ശാലയും അദ്ദേഹം സന്ദര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ മധുസുദനന്‍, രതീഷ്, സെക്രട്ടറി അഞ്ജന, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷീബ, ജനറല്‍ സെക്രട്ടറി സിന്ധു രാജീവ്, ആശുപത്രി സൂപ്രണ്ട് ഡാനിയേല്‍ ജോസഫ്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: