നാദാപുരം അസ്ലം വധം; കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

Tuesday 4 October 2016 9:43 pm IST

പാനൂര്‍: നാദാപുരം അസ്ലം വധം.കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനും വടക്കുമ്പാട് സഹകരണബാങ്ക് ജീവനക്കാരനുമായ വടക്കുമ്പാട് ശ്രീജിത്ത് എന്ന ടെന്‍ഷന്‍ ശ്രീജിത്തി(37)നെയാണ് നാദാപുരം സിഐ ജോഷിജോസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ശ്രീജിത്ത്. 2008ല്‍ തലശേരിയിലെ ബിജെപി പ്രവര്‍ത്തകന്‍ നിഖില്‍, 2009ല്‍ കുന്നോത്ത്പറമ്പിലെ കെസി.രാജേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലും കൂത്തുപറമ്പിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിത്യാനന്ദന്‍ വധശ്രമത്തിലും നിരവധി ബോംബേറു കേസുകളിലും ശ്രീജിത്ത് പ്രതിയാണ്. കൊലപാതകത്തില്‍ വൈദഗ്ധ്യം നേടിയ ഇയാള്‍ സിപിഎമ്മിന്റെ ക്വട്ടേഷന്‍ ടീം അംഗമാണ്. കഴിഞ്ഞ ദിവസം കൊലയാളി സംഘത്തിലെ പ്രധാനിയായ പാട്യത്തെ കെ.പി.ബിജേഷ് എന്ന സുഗുണനെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ ശിക്ഷയനുഭവിക്കുന്ന ടികെ.രജീഷിനും സംഘത്തിനും കൊലപാതക ആസൂത്രണത്തില്‍ പങ്കുണ്ട്. തലശേരി കോടതിയില്‍ നിന്നാണ് അസ്ലം വധത്തിന്റെ ആദ്യ ഗൂഢാലോചന നടന്നതെന്നും സൂചന ബലപ്പെട്ടിട്ടുണ്ട്. പളളൂര്‍ ഭാഗത്തെ രണ്ടുപേര്‍ കൃത്യത്തില്‍ പങ്കാളികളാണെന്ന സൂചനയുണ്ട്. കണ്ണൂരിലെ സിപിഎം ജില്ലാനേതൃത്വത്തിന്റെ പങ്കാണ് അസ്ലം വധത്തിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്തു വരുന്നത്. ജില്ലാസെക്രട്ടറിയുടെ വീടീനു സമീപമാണ് അറസ്റ്റിലായ കെ.പി.ബിജേഷിന്റെ വീടും. കോഴിക്കോട്, കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ അറിവോടെ നടന്ന ആസൂത്രണമാണ് കൊലക്കു പിന്നിലെന്നും വ്യക്തമാണ്. തൂണേരി ഷിബിന്‍ വധത്തില്‍ കോടതി വെറുതെവിട്ട അസ്ലമിനെ കഴിഞ്ഞ ആഗസ്ത് 12നാണ് ഇന്നോവ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. അന്വേഷണം ഊര്‍ജ്ജിതമായതോടെ സിപിഎം നേതൃത്വം അങ്കലാപ്പിലാണ്. ഭരണസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനും നീക്കം നടക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.