വെള്ളം ലഭിച്ചില്ല; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

Tuesday 4 October 2016 9:58 pm IST

ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്തില്‍പ്പെട്ട പെരുവല്ലിപ്പാടത്ത് വെള്ളം ലഭിക്കാത്തതുമൂലം മുണ്ടകന്‍ കൃഷി പ്രതിസന്ധിയിലായി. സര്‍ക്കാര്‍ നെല്‍വര്‍ഷമായി ആചരിക്കുന്ന വേളയിലാണ് നൂറുകണക്കിന് കര്‍ഷകരുടെ വിരിപ്പു മുണ്ടകന്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കര്‍ഷകസമതിയുടെ അനാസ്ഥമൂലമാണ് പമ്പിംഗ് ആരംഭിക്കാത്തതെന്ന് കര്‍ഷകര്‍ ആരോപിച്ചു. പെരുവല്ലിപ്പാടം വെസ്റ്റില്‍ ആയിരത്തിലേറെ പറയ്ക്ക് നിലത്താണ് കൃഷി ചെയ്യാന്‍ കഴിയാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സാധാരണ ചിങ്ങം ആദ്യവാരം തന്നെ വിത്ത് വിതയ്‌ക്കേണ്ട സ്ഥാനത്ത് ഇതുവരേയും വിത്തിറക്കാന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷിക്ക് വേണ്ടി പാടം ഒരുക്കുന്ന ആദ്യ ഊഴവും ഞാറ്റാടികള്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍ വെള്ളം കിട്ടാത്തതിനാല്‍ മുണ്ടകന്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പറിച്ചുനടാന്‍ തയ്യാറായ ഞാര്‍ ഞാറ്റാടിയില്‍ തന്നെ കരിഞ്ഞുണക്കമായി നില്‍ക്കുകയാണ്. പാടം വിണ്ടുകീറി തുടങ്ങി. ഭൂരിഭാഗം കര്‍ഷകരും ചിലവ് കുറയ്ക്കാന്‍ വിത്ത് വിതയ്ക്കുകയാണ് പതിവ്. എന്നാല്‍ വെള്ളം ലഭ്യമാകാത്തതിനാല്‍ ഇക്കുറി മുണ്ടകന്‍ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഇവര്‍. കര്‍ഷക സമിതി സംയോജിതമായ രീതിയില്‍ വെള്ളം ലഭ്യമാക്കുന്നതിനുള്ള പമ്പിംഗ് ആരംഭിക്കാത്തതും വെള്ളം കൊണ്ടുപോകുന്ന കൈത്തോടുകളും സമയാസമയം വ്യത്തിയാക്കാത്തതുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ പഞ്ചായത്ത് കൃഷി ഭവനും വേണ്ട നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. ഷണ്‍മുഖം കനാലില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം അടിച്ചാണ് പാടത്തേയ്ക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നത്. എന്നാല്‍ പമ്പിംഗിനുള്ള മോട്ടോര്‍ ഇനിയും ശരിയാക്കിയിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചിങ്ങത്തില്‍ വേണ്ടത്ര മഴ ലഭിക്കാതിരുന്നത് തിരിച്ചടിയായി. പെരുവല്ലിപ്പാടം ഈസ്റ്റിലും ഈ അവസ്ഥ തന്നെയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ എത്രയും പെട്ടന്ന് വെള്ളം പമ്പിംഗ് ആരംഭിച്ച് കൃഷിയിറക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.