ന്യൂദല്‍ഹി: ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവും അഭിനേത്രിയുമായ രൂപാ ഗാംഗുലിയെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. നവ്ജ്യോത് സിങ് സിദ്ദു അംഗത്വം രാജിവെച്ച ഒഴിവിലേക്കാണ് രൂപാ ഗാംഗുലിയുടെ നിയമനം. പ്രശസ്തമായ മഹാഭാരതം സീരിയലിലെ ദ്രൗപദിയായി അഭിനയിച്ച താരമാണ് രൂപാ.
നാലു മാസം മുന്‍പ് നടന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വടക്കന്‍ ഹൗറയില്‍ മത്സരിച്ചെങ്കിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥി മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ലയോട് തോറ്റു. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന വ്യാപക ആക്രമണത്തിനിടെ രൂപയ്ക്ക് നേരെയും തൃണമൂല്‍ പ്രവര്‍ത്തകരുടെ അതിക്രമം ഉണ്ടായി.
രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുകവഴി നിലവിലെ രാജ്യസഭയിലെത്തിയ മൂന്നാമത്തെ സിനിമാ താരമാണ് രൂപാ ഗാംഗുലി. രേഖ, സുരേഷ് ഗോപി എന്നിവര്‍ക്ക് പുറമേയാണിത്. സാഹിത്യം, ശാസ്ത്രം, കായികം, കല, സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ നിന്നായി 12 അംഗങ്ങളെയാണ് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത് രാജ്യസഭാംഗങ്ങളാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: