ശബരിമല തീര്‍ത്ഥാടനം: ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ നടപടി

Wednesday 5 October 2016 2:08 am IST

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവക്കാലം കണക്കാക്കി ശബരിമല സന്നിധാനത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കും. ഒരു മണിക്കൂറില്‍ മുപ്പതിനായിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ക്രമീകരണങ്ങളും, ഇത് വിതരണം ചെയ്യാന്‍ 150 കിയോസ്‌കുകളും സ്ഥാപിക്കും. കുപ്പിവെള്ളം സന്നിധാനത്ത് നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതിനായി വാട്ടര്‍ അതോറിറ്റിയുടെ സഹകരണം ഉറപ്പാക്കും. ചുക്കുവെള്ള വിതരണത്തിനും കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കും. അന്നദാന മണ്ഡപത്തിന്റെ പണി തീര്‍ത്ഥാടന കാലത്തിന് മുന്‍പ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇത് രണ്ടും കൂടി കൂട്ടിച്ചേര്‍ത്ത് ഒറ്റ മണ്ഡപം ആക്കാനാണ് തീരുമാനം. രണ്ട് നിലകള്‍ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തി പമ്പയിലെ തൊഴില്‍ തര്‍ക്കം മൂലമാണ് വൈകിയത്. തത്ക്കാലം ഒരു നില തയ്യാറാക്കി അന്നദാനത്തിന് സജ്ജമാക്കും. ഈ വര്‍ഷം നെയ്യഭിഷേക ക്യൂവിനോട് ചേര്‍ന്ന് അയ്യപ്പന്‍മാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഉണ്ടാകും. ബാരിക്കേഡിന് സമാന്തരമായി ഇരിപ്പിടങ്ങള്‍ ഒരുക്കും. മണിക്കൂറുകള്‍ കാത്തുനിന്നാണ് നെയ്യഭിഷേകം നടത്തുന്നത്. മുതിര്‍ന്ന അയ്യപ്പന്മാര്‍ക്ക് ഏറെ നേരം നില്‍ക്കാനുള്ള വിഷമം പരിഹരിക്കാനാണ് ഇരിപ്പിടം തയ്യാറാക്കുന്നത്. സന്നിധാനത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ തകരാര്‍ പരിഹരിക്കുന്ന പണികള്‍ തീര്‍ത്ഥാടനകാലത്തിന് മുന്‍പ് പൂര്‍ത്തിയാകും. കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് ഉദ്ഘാടനം ചെയ്ത പ്ലാന്റ് പിന്നീട് തകരാറിലാവുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.