കണ്‍സ്യൂമര്‍ ഫെഡ്: മുന്‍ എംഡിക്കും കരാറുകാര്‍ക്കുമെതിരെ കേസ്

Wednesday 5 October 2016 2:24 am IST

കാസര്‍കോട്: മഡിയനിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ ഗോഡൗണ്‍, ഓഫീസ് എന്നിവയുടെ ഉള്ളലങ്കാര ജോലികളിലെ ക്രമക്കേടിന് മുന്‍ എംഡിക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസ്. ടെന്‍ഡര്‍ ഇടപാടില്‍ 44.47 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. എംഡിയായിരുന്ന റിജി ജി. നായര്‍, കരാറുകാരായ കാഞ്ഞങ്ങാട് സ്വദേശി വി.എം. മനോഹരന്‍, കോഴിക്കോട് സ്വദേശി കെ.വി. നിധീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഫെഡിന്റെ റീജിയണല്‍ ഓഫീസിലും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഗോഡൗണിലും ജോലിയില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് കണ്ടെത്തിയത്. നാലു മാസത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടു കരാറുകാര്‍ക്ക് അന്നത്തെ മാനേജിങ് ഡയറക്ടര്‍ നിര്‍മാണ അനുമതി നല്‍കി. വി.എം. മനോഹരന്‍, കെ.വി. നിധീഷ് എന്നീ കരാറുകാര്‍ ചേര്‍ന്ന് 58.47 ലക്ഷം രൂപയുടെ നവീകരണ ജോലികള്‍ നടത്തിയെന്നാണു രേഖകളില്‍. എന്നാല്‍, വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 14 ലക്ഷം രൂപയുടെ ജോലി മാത്രമേ നടന്നുള്ളുവെന്ന് കണ്ടെത്തി. ക്രമക്കേടില്‍ അന്വേഷണം തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യം വാങ്ങിയതിലെ ക്രമക്കേടില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ആര്‍ക്കെങ്കിലും എതിരെയോ, ലക്ഷ്യമിട്ടോ ആകരുത് അന്വേഷണമെന്നും, തെളിവ് കിട്ടിയാല്‍ പ്രതി ചേര്‍ക്കാമെന്നും കോടതി വ്യക്തമാക്കി. മലയാളവേദി പ്രസിഡന്റ് ജോര്‍ജ്ജ് വട്ടുകുളത്തിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉള്‍പ്പെടെ എട്ട് പേരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. 100 കോടിയിലേറെ രൂപയുടെ അഴിമതിയായിരുന്നു ഉന്നയിച്ചതെങ്കിലും പ്രധാന മൂന്ന് സംഭവങ്ങളിലാണ് കോടതി ത്വരിതാന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. വിദേശമദ്യം വാങ്ങിയ ഇനത്തിലെ ഇന്‍സെന്റീവ് ഇനത്തിലെ കുറവ്, മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ക്കായി വാഹനങ്ങള്‍ നിര്‍മ്മിച്ചത്, കണ്‍സ്യൂമര്‍ഫെഡിന്റെ പടിഞ്ഞാറെ കോട്ട ഔട്ട്‌ലെറ്റില്‍ നിന്ന് സി.എന്‍. ബാലകൃഷ്ണന്റെ ഓഫീസിലേക്ക് ഒരു ലക്ഷം രൂപ കൊടുത്തയച്ചത്. കേസ് 20ന് വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.