അതിര്‍ത്തിയില്‍ ഭാരതം സുരക്ഷ ശക്തമാക്കി

Wednesday 5 October 2016 12:02 pm IST

ശ്രീനഗര്‍: ഭാരതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും നിയന്ത്രണ രേഖയിലും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സൈനികരെ വിന്യസിച്ചു. വടക്കേ ഇന്ത്യയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുമാണ് കൂടുതല്‍ പേരെ അതിര്‍ത്തി മേഖലകളില്‍ നിയോഗിച്ചത്. ജമ്മുകശ്മീരിന്റെ അതിര്‍ത്തി പ്രദേശത്തേക്ക് പാക്കിസ്ഥാന്‍ സേനാ വിന്യാസം ശക്തിപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ഭാരതം തീരുമാനിച്ചത്. നിലവില്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള കരസേനാ യൂണിറ്റുകളില്‍ പലതും പാക്കിസ്ഥാന്‍ ഭാരത അതിര്‍ത്തിയിലേക്ക് അയച്ചുവെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഭാരത സൈന്യം പ്രതിരോധനിര ശക്തിപ്പെടുത്തിയിട്ടുണ്ട്. പാക് അധീന കശ്മീരിലെ ഭീകര താവളങ്ങളില്‍ ഭാരത സൈന്യം മിന്നലാക്രമണം നടത്തിയശേഷം, നിയന്ത്രണ രേഖയ്ക്കു സമീപം പാക്കിസ്ഥാന്‍ സേനാ വിന്യാസം വര്‍ദ്ധിപ്പിച്ചിരുന്നു. പാക്ക് അധീന കശ്മീരിലെ ഭീകരതാവളങ്ങളും, പരിശീലന കേന്ദ്രങ്ങളും പൂര്‍ണ്ണമായി തകര്‍ക്കണമെങ്കില്‍ ആറുമാസത്തെ നിരന്തര നടപടി ആവശ്യമാണെന്ന് കരസേനാനേതൃത്വം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മിന്നലാക്രമണം ഇനിയും ആവശ്യമായി വന്നേക്കുമെന്നാണ് സൈന്യം കരുതുന്നത്. കശ്മീര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ സൈനിക സാഹസത്തിന് മുതിര്‍ന്നാല്‍ അതിനെ ശക്തമായി നേരിടാന്‍ സജ്ജരാണന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രംസിംഗെയുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തും. സാര്‍ക് ഉച്ചകോടി മാറ്റിവയ്ക്കേണ്ട സാഹചര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.