എണ്ണ ഖാനനം നിര്‍ത്തിയത്‌ കേരളത്തിന്‌ തിരിച്ചടി

Sunday 25 March 2012 9:13 pm IST

കൊച്ചി തീരത്തെ എണ്ണ ഖാനന പദ്ധതിക്ക്‌ കേന്ദ്രാനുമതി നിഷേധിച്ചത്‌ വന്‍സാധ്യതയ്ക്കും കേരളത്തിന്റെ വികസന മോഹങ്ങള്‍ക്കും തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്‌. വരുമാനം കുറവാകുമെന്നതിനാലാണ്‌ പദ്ധതിക്ക്‌ അനുമതി നല്‍കേണ്ടതില്ലെന്ന്‌ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതത്രെ. കൊച്ചിയടക്കം 14 പദ്ധതികള്‍ക്കാണ്‌ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അനുമതി നിഷേധിച്ചത്‌. എന്നാല്‍ പതിനാറ്‌ പാചകവാതക ഖാനന പദ്ധതികള്‍ക്ക്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുമുണ്ട്‌. ഒഎന്‍ജിസി, ബിപിആര്‍എല്‍ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായിട്ടാണ്‌ കൊച്ചി തുറമുഖത്ത്‌ എണ്ണ ഖാനനത്തിന്‌ അനുമതി നേടിയിരുന്നത്‌. കൊച്ചി തീരത്ത്‌ ഒഎന്‍ജിസിയും റിലയന്‍സ്‌ പെട്രോളിയം കോര്‍പ്പറേഷനും സംയുക്തമായി എണ്ണ ഖാനനം നടത്തിയിരുന്നു. ഇതില്‍ വ്യാവസായികാടിസ്ഥാനത്തില്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ വന്‍തോതില്‍ എണ്ണ സാന്നിധ്യമില്ലെന്ന്‌ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ എണ്ണക്കിണറുകള്‍ വികസിപ്പിച്ചെടുത്താല്‍ ലാഭകരമായി നടത്തിക്കൊണ്ടുപോകാനാകില്ലെന്നാണ്‌ കേന്ദ്ര പെട്രോളിയം മന്ത്രാലയം വിലയിരുത്തിയത്‌. ഇത്‌ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. 1977 മുതല്‍ കൊച്ചി തീരത്ത്‌ എണ്ണ പര്യവേഷണം നടന്നുവരുന്നുണ്ട്‌.
അറുപതുകളില്‍ നടന്ന ഭൂഗര്‍ഭ-ഭൗമശാസ്ത്ര പരിശോധനകളില്‍ എണ്ണയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ്‌ പര്യവേഷണവും ഖാനനവും ആരംഭിച്ചത്‌. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ധീരുഭായ്‌ അംബാനി-രണ്ട്‌ എന്ന കൂറ്റന്‍ ഋഗ്ഗറാണ്‌ ഖാനനത്തിന്‌ ഉപയോഗിച്ചിരുന്നത്‌. ഋഗ്‌ വാടക ഉള്‍പ്പെടെ ഒരു ദിവസം അഞ്ച്‌ കോടി രൂപയോളമായിരുന്നു ഖാനനത്തിന്‌ ചെലവായത്‌. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയില്‍ 65 ടണ്‍ ഹൈഡ്രോ കാര്‍ബണ്‍ സാന്നിധ്യമുണ്ടെന്ന്‌ ഒഎന്‍ജിസി കണ്ടെത്തിയിരുന്നു. കൃഷ്ണ-ഗോദാവരി റിവര്‍ബേസിനില്‍ നേരത്തെ കണ്ടെത്തിയതിലും ഉയര്‍ന്ന തോതിലുള്ള എണ്ണ നിക്ഷേപം കൊച്ചിയില്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ എണ്ണക്കിണര്‍ കുഴിച്ച്‌ പര്യവേഷണം നടത്തിയത്‌. 1987നുള്ളില്‍ പന്ത്രണ്ട്‌ എണ്ണ കിണറുകള്‍ ഇവിടെ കുഴിച്ചു. തൊണ്ണൂറുകളുടെ ആദ്യം ഒഎന്‍ജിസിക്കു വേണ്ടി ആസ്ത്രേലിയന്‍ കമ്പനിയും 3000 മീറ്റര്‍ ഖാനനം നടത്തിയിരുന്നു. എന്നാല്‍ ഒഎന്‍ജിസി നടത്തിയ തുടര്‍ പഠനങ്ങളിലാണ്‌ എണ്ണ നിക്ഷേപ സാധ്യത കണ്ടെത്തിയത്‌.
2008 ഡിസംബറില്‍ കേരള തീരം ഉള്‍പ്പെടുന്ന കേരള കോംഗ്കണ്‍ തടത്തില്‍ ഇന്ധന എണ്ണയുടെ അടിസ്ഥാന ഘടകമായ ഹൈഡ്രോ കാര്‍ബണിന്റെ നിക്ഷേപസാധ്യതയുള്ളതായി സാധ്യതാ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ വന്‍ പ്രതീക്ഷയുമായി 2009 ആഗസ്ത്‌ രണ്ടിന്‌ കൊച്ചി തീരത്ത്‌ ഖാനനവും ആരംഭിച്ചത്‌. കൊച്ചി തീരത്തു നിന്ന്‌ 130 കിലോമീറ്റര്‍ അകലെ കടലിന്‌ രണ്ട്‌ കിലോമീറ്റര്‍ വരെ ആഴമുള്ള ഭാഗത്തായിരുന്നു ഖാനനം നടന്നത്‌. കടല്‍ വെള്ളത്തിന്‌ രണ്ട്‌ കിലോമീറ്ററോളം ആഴമുള്ള ഭാഗത്ത്‌ ഒഎന്‍ജിസി ഖാനനം നടത്തുന്നത്‌ ഇത്‌ ആദ്യമായിട്ടായിരുന്നു. 100 ദിവസം നിശ്ചയിച്ച്‌ ആരംഭിച്ച ഖാനനം 135 ദിവസം കൊണ്ടാണ്‌ 6500 മീറ്റര്‍ ആഴം എന്ന ലക്ഷ്യത്തിലെത്തിയത്‌. 400 കോടി രൂപ മുടക്കുമുതല്‍ നിശ്ചയിച്ചിരുന്ന ഖാനനത്തിന്‌ 600 കോടിയോളം രൂപ ചെലവായി. എന്തുകൊണ്ട്‌ ഈ പിഴവ്‌ സംഭവിച്ചു എന്നാണ്‌ ഇനി പഠിക്കേണ്ടത്‌. മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ പട്ടിണിക്കോലങ്ങളായി കഴിയുന്ന രാജ്യത്ത്‌ 600 കോടി നിസ്സാര സംഖ്യയാണോ ? ഇത്രയും തുക വെള്ളത്തില്‍ കലക്കിയ ശേഷം കൈകഴുകി രക്ഷപ്പെടാന്‍ എങ്ങനെ കേന്ദ്രസര്‍ക്കാരിനു കഴിയുന്നു ? വളരെ ഗൗരവപൂര്‍വം കാണേണ്ട വിഷയമാണിത്‌. പഠനം നടന്നതില്‍ പിഴവു വന്നെങ്കില്‍ അതിന്റെ കാരണക്കാരാരെന്നു കണ്ടെത്തുക തന്നെ വേണം.
എണ്ണ ഉത്പാദനത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ കൂടുതല്‍ കരുതലോടെ സാധ്യമായ എല്ലാ സ്ഥലത്തും ഉത്പാദനം കൂട്ടാനുള്ള ശ്രമമാണാവശ്യം. എന്നാല്‍ കാരണങ്ങള്‍ പലതാകാം. ഉത്പാദനം കുറച്ച്‌ ഇറക്കുമതിയെ ആശ്രയിച്ച്‌ ജനങ്ങളെ കൊള്ളയടിക്കുന്നതിലാണ്‌ ഭരണക്കാര്‍ കൗതുകം കാണിക്കുന്നത്‌. ഇപ്പോള്‍ തന്നെ പാചകവാതകം ഉള്‍പ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ക്ക്‌ ഒരിക്കല്‍ കൂടി വില കുത്തനെ കൂട്ടാന്‍ പോകുകയാണ്‌.
സിലിണ്ടര്‍ ഒന്നിന്‌ നൂറു രൂപ വര്‍ധിപ്പിക്കാനാണ്‌ ആലോചന. കഴിഞ്ഞ വര്‍ഷം 68,481 കോടി രൂപയാണ്‌ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക്‌ സബ്സിഡിയായി നീക്കി വച്ചിരുന്നത്‌. ഇത്തവണയത്‌ 24,901 കോടി മാത്രമാക്കി. 43,580 കോടി വെട്ടിച്ചുരുക്കി. എന്നുവച്ചാല്‍ ഇത്രയും തുക ജനങ്ങളെ പിഴിഞ്ഞെടുക്കുമെന്നു സാരം. പാചകവാതകത്തിന്റെ സബ്സിഡി മുഴുവന്‍ എടുത്തു കളയാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നു. എങ്കില്‍ ഒരു സിലിണ്ടറിന്‌ വില 750 രൂപയാകും. ഡീസലിന്റെയും പെട്രോളിന്റെയും സബ്സിഡി എടുത്തുകളയുന്ന തീരുമാനവും ഉടന്‍ തന്നെ വന്നു കൂടായ്കയില്ല. പെട്രോള്‍ വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ രാജ്യാന്തര വിലയിലെ വ്യതിയാനത്തിനനുസരിച്ച്‌ വില കൂട്ടിക്കൊണ്ടിരിക്കുകയാണ്‌. അതാകട്ടെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമായിരിക്കുന്നു. വീണ്ടും വില കൂട്ടുമെന്ന ഭീഷണി ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്‌. ഇത്രമാത്രം കടുത്ത തീരുമാനമെടുക്കാന്‍ മറ്റൊരു സര്‍ക്കാരിനും കഴിയില്ല. ഇങ്ങനെയൊരു സാഹചര്യമുള്ളപ്പോഴാണ്‌ നേരിയ പ്രതീക്ഷയുണ്ടായിരുന്ന കൊച്ചിയിലെ എണ്ണ ലഭ്യതാ മോഹത്തിനും തടയിട്ടത്‌. കേരളത്തിന്‌ ഈ തീരുമാനം കടുത്ത തിരിച്ചടിയാണുണ്ടാക്കുക എന്ന കാര്യത്തില്‍ സംശയമില്ല.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.