വിവാഹ തട്ടിപ്പ്: പഞ്ചായത്തംഗത്തിന്റെ രാജിക്കായി ബിജെപി ധര്‍ണ്ണ

Wednesday 5 October 2016 5:58 pm IST

മലയിന്‍കീഴ്: വിവാഹ തട്ടിപ്പുവീരനായ പഞ്ചായത്തംഗം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്  മലയിന്‍കീഴ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ബിജെപി ധര്‍ണ്ണ നടത്തി. ആദ്യ വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച മലയിന്‍കീഴ് പഞ്ചായത്തിലെ അരുവാക്കോട് വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ നിയാദുല്‍ അക്‌സറിന്റെ രാജി ആവശ്യപ്പെട്ടാണ് ബിജെപി പ്രക്ഷോഭം സംഘടിപ്പിച്ചത്. ആദ്യ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് തെളിവെടുപ്പിന് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനെ മര്‍ദ്ദിച്ച കേസില്‍ നിയാദുല്‍ ഇപ്പോള്‍ ജയിലിലാണ്. കാട്ടാക്കട ബിജെപി മണ്ഡലം പ്രസിഡന്റ് ജി. സന്തോഷ്‌കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിലവില്‍ യൂത്ത്‌കോണ്‍ഗ്രസ് ജില്ലാസെക്രട്ടറിയായ നിയാദുള്‍ അക്‌സര്‍(ഷൈജു)നെതിരെ നടപടി സ്വീകരിക്കാനുള്ള രാഷ്ട്രീയ മര്യാദ കോണ്‍ഗ്രസ് നേതൃത്വം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാടിന് മാതൃകയാവേണ്ട ജനപ്രതിനിധി ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. ഗാര്‍ഹിക പീഡനത്തിന് ആദ്യ ഭാര്യ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്മാരായ മുക്കംപാലമൂട് ബിജു, മലയിന്‍കീഴ് രാധാകൃഷ്ണന്‍, സംസ്ഥാന സമിതിയംഗം എരുത്താവൂര്‍ ചന്ദ്രന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഹേമലത, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വിശാഖ്, സി.എസ്. അനില്‍, സെക്രട്ടറി ഒ. രാജശേഖരന്‍, പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.