കെഎസ്ആര്‍ടിസി ശമ്പളം നല്‍കിയില്ല ജീവനക്കാര്‍ പണിമുടക്കി യാത്രികര്‍ ദുരിതത്തിലായി

Wednesday 5 October 2016 10:00 pm IST

കോട്ടയം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പണിമുടക്കിയതോടെ യാത്രക്കാര്‍ ദുരിതക്കയത്തിലായി. കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജീവനക്കാരുടെ പണിമുടക്ക്. ഭരണകക്ഷി യൂണിയന്‍ ഒഴികെ എല്ലാ യൂണിയനുകളും സമരത്തി ല്‍ പങ്കെടുത്തു. സംസ്ഥാനത്തെ 32ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കിയത്. ഓയില്‍ കമ്പനികള്‍ക്ക് കൊടുക്കാനായി മാറ്റി വച്ചിരുന്ന 32കോടി രൂപയെടുത്താണ് ഈ ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. മിന്നല്‍ പണിമുടക്കില്‍ സര്‍വ്വീസുകള്‍ നിലച്ചതോടെ ജനം പെരുവഴിയിലായി. ചില ഡിപ്പോകളില്‍ ഒരു വണ്ടിപോലും ഓടിയില്ല. ചിലയിടത്ത് നാമമാത്ര സര്‍വീസ് നടന്നു. പണിമുടക്കിയ ജീവനക്കാര്‍ നിരാഹാര സമരവും പട്ടിണി സമരവും തുടങ്ങി. ശമ്പളയിനത്തില്‍ 72കോടി രൂപയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കുന്നത്. 65 കോടിരൂപ പെന്‍ഷനായും നല്‍കുന്നു. ഇന്ധനംവാങ്ങിയ പണം ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കി. പതിനഞ്ചിനകം ഈ പണം അടച്ചില്ലെങ്കില്‍ ഇന്ധനവും മുടങ്ങും. നേരത്തെ ഡിപ്പോകള്‍ പണയം വച്ചാണ് ശമ്പളം നല്‍കിയത്. ഇതിനകം 63 എണ്ണം പണയപ്പെടുത്തിക്കഴിഞ്ഞു. ബാക്കിയുള്ളവ പണയം വയ്ക്കാനാവാത്ത സ്ഥിതിയിലാണ്. പാലാ: കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ തൊഴിലാളികള്‍ ഇന്നലെ പണിമുടക്കി. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്കിയതെങ്കിലും സിഐടിയു വിട്ടുനിന്നു. ശമ്പളം ലഭിക്കുന്നതുവരെ പണിമുടക്ക് തുടരും. ഇന്നുമുതല്‍ ഓഫീസിന്റെ പ്രവര്‍ത്തനവും തടഞ്ഞ് നിരാഹാരം അനുഷ്ഠിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. തൊഴിലാളികള്‍ പ്രകടനം നടത്തി. എന്‍. പ്രവീണ്‍കുമാര്‍, കെ. എന്‍. സോമരാജന്‍, ഡോജി എന്നിവര്‍ ധര്‍ണ്ണയ്ക്കും നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.