അയ്യന്‍കുന്ന് പഞ്ചായത്തില്‍ വീണ്ടും ക്വാറികള്‍ക്ക് ലൈസന്‌സ് കൊടുക്കാന്‍ നീക്കമെന്ന് ആരോപണം

Wednesday 5 October 2016 10:33 pm IST

ഇരിട്ടി: അയ്യന്‍കുന്നു പഞ്ചായത്തില്‍ വീണ്ടും ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും ലൈസന്‍സ് നല്‍കാന്‍ പിന്നാമ്പുറങ്ങളില്‍ ഗൂഡ നീക്കം നടക്കുന്നതായി മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ കെ. സി. ചാക്കോ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കാലാകാലമായി യു ഡി എഫ് ആണ് അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ കാലത്ത് തിരഞ്ഞെടുപ്പ് ചിലവിന്റെ മറവില്‍ ഈ പഞ്ചായത്തിലെ നേതാക്കന്മാര്‍ ലക്ഷന്‍ വാങ്ങിയിട്ടുണ്ടെന്നും ഇതിന്റെ പ്രത്യുപകാരമെന്ന നിലയിലാണ് ഇപ്പോള്‍ ഇവിടുത്തെ ക്രഷറുകള്‍ക്ക് പവര്‍ കൂട്ടി ക്കൊടുക്കാനുള്ള തീരുമാനം അടുത്ത ഭരസമിതി യില്‍ കൈക്കൊള്ളാന്‍ ശ്രമിക്കുന്നതെന്ന് ചാക്കോ ആരോപിച്ചു. ഒരു ക്രഷറിനു കഴിഞ്ഞ ഭരണ സമിതി യോഗത്തില്‍ പവര്‍ കൂട്ടി ക്കൊടുത്തിട്ടുണ്ടെന്നും അടുത്ത ഭരണ സമിതി യോഗത്തില്‍ മറ്റു ക്രഷറുകളുടെ പവര്‍ കൂട്ടാനായി അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ചാക്കോ ആരോപിക്കുന്നു. ഇത് തെളിയിക്കാനായി മീറ്റിംഗ് നോട്ടീസിന്റെ കോപ്പിയും അദ്ദേഹം പത്രസമ്മേളനത്തില്‍ ഹാജരാക്കി. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ വന്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് ഇടയാക്കിയെക്കാവുന്ന പഞ്ചായത്തിലെ ക്രഷരുകളെ നിയന്ത്രിക്കുന്നതിനു പകരം വീണ്ടും ഇവക്കൊക്കെ പവര്‍ കൂട്ടിക്കൊടുക്കാനുള്ള നീക്കം യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിക്കുകയാണെങ്കില്‍ അയ്യന്‍കുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ താന്‍ നിരാഹാര സമരം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവായ കെ.സി. ചാക്കോ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.