ഖേദം പ്രകടിപ്പിച്ച് ശ്രീനിവാസന്‍

Wednesday 5 October 2016 10:33 pm IST

കൊച്ചി: തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവയവദാനത്തിനെതിരെ പ്രസ്താവന നടത്തിയതെന്ന് നടന്‍ ശ്രീനിവാസന്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും നടന്‍ ഫെയ്‌സ് ബുക്ക് പേജില്‍ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് അവയവദാനം തട്ടിപ്പാണെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞത്. ''ഹെലികോപ്റ്ററില്‍ ഹൃദയം കൊണ്ടുവന്നതിനു വാര്‍ത്താ പ്രാധാന്യം കിട്ടിയെന്നും ആ വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നു''മായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍. എന്നാല്‍ ഇതിനു പിന്നാലെ ശ്രീനിവാസനു മറുപടിയുമായി, ചാലക്കുടി സ്വദേശി മാത്യു അച്ചാടന്‍ രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അച്ചാടന്‍ ശ്രീനിവാസനു മറുപടി നല്‍കിയത്. എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലെത്തിച്ച നീലകണ്ഠ ശര്‍മയുടെ ഹൃദയം 15 മാസത്തിനു ശേഷവും തന്നില്‍ സ്പന്ദിക്കുന്നുണ്ടെന്നായിരുന്നു മാത്യു പറഞ്ഞത്. മരണത്തിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും മക്കളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്ന മാതാപിതാക്കളുടെ നാടാണിതെന്നും നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി കരുണ വറ്റാത്ത മനസ്സുകളിലെ പ്രകാശം ഊതിക്കെടുത്തരുതെന്നും മാത്യു അച്ചാടന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീനിവാസന്‍ ഖേദം പ്രകടിപ്പിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.