വെഞ്ഞാറമൂട്: വിദ്യാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസി ബസിനു കേടുപാടു വരുത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. ഇതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള നിരവധി യാത്രക്കാര്‍ വലഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വെഞ്ഞാറമൂട് ഡിപ്പോയില്‍നിന്നും മുതുവിളയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസിനെ മിതൃമ്മല ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം വെച്ച് വിദ്യാര്‍ത്ഥികള്‍ കേടു പാടു വരുത്തി. ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ പാങ്ങോട് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ഉന്നത അധികൃതരുടെ നിര്‍ദ്ദേശാനുസരണം കിളിമാനൂര്‍, വെഞ്ഞാറമൂട്, തുടങ്ങിയ ഡിപ്പോകളില്‍ നിന്നും മുതുവിള ഭാഗത്തേക്കുള്ള സര്‍വ്വീസ് നിര്‍ത്തി വച്ചു. അപ്രതീക്ഷിതമായുള്ള സര്‍വ്വീസ് മുടക്കത്തെത്തുടര്‍ന്ന് ജന നിബിഡമായ മേഖലയില്‍ നിന്നും കാല്‍നടയായാണ് വിദ്യാര്‍ത്ഥിനികളടക്കമുള്ളവര്‍ കല്ലറയിലേക്കും തിരിച്ചും യാത്ര ചെയ്തത്. വൈകിട്ട് ആറ് മണിയോടെയാണ് സര്‍വ്വീസ് പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: