മെഡിക്കല്‍ കോളേജുകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ പിന്തുണ

Wednesday 5 October 2016 11:25 pm IST

ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്‌മെന്റുകളുടെ ഫീസ് കൊള്ളയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ. സര്‍ക്കാരുമായി കറാറൊപ്പിടാത്ത മെഡിക്കല്‍ കോളേജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങാന്‍ പിണറായി സര്‍ക്കാര്‍ അനുമതി നല്‍കി. കണ്ണൂര്‍, കെഎംസിടി മെഡിക്കല്‍ കോളേജുകള്‍ക്ക്10 ലക്ഷവും കരുണ മെഡിക്കല്‍ കോളേജിന് ഏഴരലക്ഷം രൂപയും മെറിറ്റ് സീറ്റില്‍ ഫീസ് വാങ്ങാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. വിജ്ഞാപനത്തിന്റെ പകര്‍പ്പ് മാനേജ്മെന്റുകള്‍ സുപ്രീംകോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് 10 ലക്ഷവും കരുണയ്ക്ക് 7.5 ലക്ഷവും ഫീസ് ഈടാക്കാമെന്ന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്‍കി. കെഎംസിടിയിലും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മെറിറ്റ് സീറ്റില്‍ 10 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്. പുറമെ 10 ലക്ഷം രൂപ പലിശയില്ലാത്ത നിക്ഷേപവും നല്‍കണം. രണ്ട് കോളേജുകളിലെയും 23 വീതം എന്‍ആര്‍ഐ സീറ്റുകളില്‍ 18 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്. പത്ത് ലക്ഷം രൂപ പലിശയില്ലാത്ത നിക്ഷേപവും. 100 സീറ്റുകളുള്ള കരുണ മെഡിക്കല്‍ കോളേജില്‍ മെറിറ്റ് സീറ്റില്‍ 7,45,00 രൂപയും എന്‍ആര്‍ഐ സീറ്റില്‍ 13 ലക്ഷവുമാണ് വാര്‍ഷിക ഫീസ്. ഇതില്‍ കെഎംസിടി കോളേജിന്റെ ഫീസ് മാത്രമാണ് ജയിംസ് കമ്മറ്റി അംഗീകരിച്ചിട്ടുള്ളത്. കരാര്‍ ഒപ്പിട്ട കോളേജുകള്‍ മെറിറ്റ് സീറ്റില്‍ രണ്ടര ലക്ഷം വാര്‍ഷിക ഫീസ് വാങ്ങുമ്പോഴാണ് സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഫീസ് കൊള്ള.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.