സ്വാശ്രയസമരം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും

Thursday 6 October 2016 10:05 am IST

ഇടതു സര്‍ക്കാറിന്റെ സ്വാശ്രയ നയത്തില്‍ പ്രതിഷേധിച്ച് കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചപ്പോള്‍ സംസ്ഥാന പ്രസിഡന്റ്
അഡ്വ. കെ.പി. പ്രകാശ്ബാബു, സംസ്ഥാനസമിതി അംഗം സുജീഷ് പുതുക്കുടി തുടങ്ങിയവര്‍ നിലത്ത് വീഴുന്നു

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍കോളേജ് പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച യുവമോര്‍ച്ചക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രതിഷേധവുമായി കോഴിക്കോട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലീസിന്റെ അതിക്രമം ഉണ്ടായത്. ജലപീരങ്കി കണ്ണീര്‍വാതക പ്രയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, സംസ്ഥാന സെക്രട്ടറി അജി തോമസ്, സംസ്ഥാന സമിതി അംഗം സുജീഷ് പുതുക്കുടി, മലപ്പുറം ജില്ലാസമിതി അംഗം ലിജേഷ്ബാബു എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ സുജീഷ് പുതുക്കുടിയുടെ കര്‍ണ്ണപുടത്തിന് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത മാര്‍ബിള്‍ ഗാലറിയിലെ സെക്യൂരിറ്റി ജീവനക്കാരനും പരിക്കേറ്റു.
രാവിലെ 11.30ഓടെ എരഞ്ഞിപ്പാലത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കലക്‌ട്രേറ്റ് കവാട ത്തിനുസമീപം പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് പ്രവര്‍ത്തകരെ തടഞ്ഞു. അവിടെ ഇരുന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി യും കണ്ണീര്‍വാതകവും പ്രയോഗിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നടന്ന ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ്. രാജീവ്, സംസ്ഥാന സമിതി അംഗങ്ങളായ സുധീര്‍ കുന്ദമംഗലം, ടി. റെനീഷ്, ദിപിന്‍, ഷാലു, ഷിനൂപ് രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.