മാത്യു കൊടുങ്കാറ്റ്: മരണസംഖ്യ 17 ആയി

Thursday 6 October 2016 1:04 pm IST

ഗ്വണ്ടനാമോ: ഹെയ്തിയിലും ക്യൂബയിലും ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലും വന്‍നാശം വിതച്ച മാത്യു കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഡൊമിനിക്കന്‍ റിപ്പബ്ളിക്കില്‍ നാലുപേരും ഹെയ്തിയില്‍ 13 പേരുമാണു മരിച്ചത്. നിരവധി നാശനഷ്ടങ്ങളാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊടുങ്കാറ്റില്‍ തകര്‍ന്നു വീണ കെട്ടിടങ്ങളുടെ ഇടയില്‍ പെട്ട് നിരവധിപേര്‍ക്ക് പരിക്കേറ്റു. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഹെയ്തിലും ക്യൂബയിലും കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ബഹാമാസിലേക്കും ഫ്ളോറിഡയുടെ കിഴക്കന്‍ തീരത്തേക്കും നീങ്ങിയ മാത്യു കൊടുങ്കാറ്റ് ജോര്‍ജിയ, സൗത്ത് കരോളിന, നോര്‍ത്ത് കരോളിന എന്നിവിടങ്ങളിലും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. സൗത്ത് കരോളിനയില്‍ ഗവര്‍ണര്‍ നിക്കി ഹാലേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പത്തുലക്ഷം പേരെ ഒഴിപ്പിക്കാനും തീരുമാനിച്ചു. ഹെയ്തിയില്‍ മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റിനെത്തുടര്‍ന്നു കനത്തമഴ പെയ്തു. കൃഷിയിടങ്ങളും പട്ടണങ്ങളും റിസോര്‍ട്ടുകളും കാറ്റിന്റെ സംഹാരതാണ്ഡവത്തിനിരയായി. ക്യൂബയിലെ ഗ്വണ്ടനാമോ പ്രവിശ്യയിലെ ബാരക്കോവ ടൂറിസ്റ്റ് സങ്കേതത്തിനു കനത്ത നാശം നേരിട്ടു. ഗ്വണ്ടനാമോയിലെ യുഎസ് നാവികകത്താവളത്തിനും സൈനിക ജയിലിനും നാശനഷ്ടമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.