ഒളിവില്‍ പോയ പ്രതി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

Thursday 6 October 2016 6:47 pm IST

കൊച്ചി: ബി‌എസ്‌എന്‍‌എല്ലിലെ താത്ക്കാലിക ജീവനക്കാരനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. കൊച്ചിയില്‍ ഡേവിഡ് ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നെയ്യാറ്റിന്‍‌കര ഡി‌വൈ‌എസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി അറസ്റ്റ് ചെയ്തത്. കോടതി രണ്ട് വര്‍ഷം കഠിന തടവും ആയിരം രൂപ പിഴയും വിധിച്ച മലയിന്‍‌കീഴ് സ്വദേശി ഡേവിഡ് ലാലി വന്‍ സ്വാധീനം ഉപയോഗിച്ചാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഡേവിഡിന്റെ ശിക്ഷ റദ്ദാക്കിയ മുന്‍ സര്‍ക്കാരിന്റെ ഉത്തരവ് വന്‍ വിവാദമായിരുന്നു. ജോര്‍ജ്‌കുട്ടി യോഹന്നാന്‍ എന്നയാളെയാണ് ഡേവിഡ് ലാലി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. കേസില്‍ 1990ല്‍ നെയ്യാറ്റിന്‍‌കര കോടതിയാണ് ശിക്ഷിച്ചത്. ഈ വിധിയെ ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഡേവിഡ് ലാലി ഒളിവില്‍ പോയത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷ ഒഴിവാക്കിതരണമെന്ന് ഇയാള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അപേക്ഷ നല്‍കിയിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്ന് ഒരു ലക്ഷം രൂപ ഡേവിഡ് ലാലില്‍ നിന്നും ഈടാക്കി ശിക്ഷ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. 26 വര്‍ഷത്തിനിടെ ഒരു ദിവസം പോലും ജയില്‍ ശിക്ഷ അനുഭവിക്കാത്ത പ്രതിയെ കുറ്റവിമുക്തനാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്ത നെയ്യാറ്റിന്‍‌കര കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.