മനുഷ്യഹൃദയത്തിലെ വൈരമൂര്‍ത്തി

Sunday 25 December 2016 3:36 pm IST

ഹൈന്ദവ പാരമ്പര്യത്തിലെ ഏഴു ചിരഞ്ജീവികളില്‍ ഒരാളാണ് അശ്വത്ഥാമാവ്. കുതിരയുടെ ശബ്ദവും ശക്തിയുമുള്ള ദ്രോണപുത്രന്‍ മരണമില്ലാത്തവനാണ്. ഈ ദ്രോണി സര്‍വനാശത്തിന്റെ വൈരമൂര്‍ത്തിയായി അറിയപ്പെടുന്നു. പകയുടെ പുത്രനെ പിതാവ് ബ്രഹ്മാസ്ത്രം അയയ്ക്കാനേ പഠിപ്പിച്ചുള്ളൂ; തിരിച്ചെടുക്കാന്‍ അറിയാത്തവനാണ്. ഈ അല്‍പജ്ഞാനത്തില്‍ എയ്തുവിട്ട സര്‍വനാശത്തിന്റെ ആയുധം ഉത്തരയുടെ ഗര്‍ഭപാത്രത്തിലേക്ക് അയാള്‍ മടക്കി. പാണ്ഡവരെന്നു കരുതി ദ്രൗപദിയുടെ അഞ്ചുമക്കളെയും വകവരുത്തി അയാള്‍ ദുര്യോധനന് ആ തലകള്‍ സമര്‍പ്പിച്ചു. അത് പാണ്ഡവരുടെ അല്ലെന്നറിഞ്ഞ ദുഃഖത്തില്‍ ദുര്യോധനന്‍ മരിച്ചു. മരണമില്ലാത്ത ഈ ദുരാത്മാവിനെ വ്യാസന്‍ കുടിയിരുത്തിയത് അയാളുടെ അഭ്യര്‍ത്ഥനപ്രകാരം മനുഷ്യഹൃദയത്തിലാണ്. ഹൃദയശുദ്ധിയില്ലാത്ത ആചാര്യന്‍ ലോകം മുടിക്കും എന്നു വ്യാസന്‍ പറയുന്നത് ഇതുകൊണ്ടാണ്. മാനവഭീകരതയുടെ സാദ്ധ്യതകളാണ് ഈ ചിരഞ്ജീവി നമ്മെ അനുസ്മരിപ്പിക്കുന്നത്. മനുഷ്യനില്‍ത്തന്നെയാണ് വ്യാസന്‍ സാക്ഷാല്‍ ഭഗവാനെയും കുടിയിരുത്തുന്നത്. 'സിദ്ധാര്‍ത്ഥ' എന്ന നോവല്‍ എഴുതിയ ഹെര്‍മന്‍ ഹെസ്സെ മനുഷ്യനില്‍ ദൈവവും പിശാചും പടവെട്ടുന്നു എന്ന് എഴുതി. തന്നിലെ പിശാചിനെയും ദൈവത്തെയും അറിയാത്തവനു മഹത്തായ ജീവിതം സാദ്ധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യനിലെ ഈ ഇരട്ടകള്‍ സഹവസിക്കുന്നില്ലെങ്കില്‍ വേര്‍പെടുത്തും എന്നു സീയൂസ് ദേവന്‍ ഭീഷണിപ്പെടുത്തുന്നതായി പ്ലേറ്റോ സാക്ഷ്യപ്പെടുത്തുന്നു. ''ശാന്തമാകാന്‍ സന്നദ്ധമല്ലാത്ത വഴക്കാളികളായാല്‍ ഇനിയും ഞാന്‍ അത് ചെയ്യും. എല്ലാ മനുഷ്യരെയും ഞാന്‍ രണ്ടായി വിഭജിക്കും. അവര്‍ ഒറ്റക്കാലില്‍ ചാടിനടക്കട്ടെ.'' മനുഷ്യനെ രണ്ടുവഴിക്കു വലിക്കുന്ന വൈരുദ്ധ്യത്തില്‍ ദുഷ്ടതയുടെ പൈശാചികത ആധിപത്യം പുലര്‍ത്തിയാല്‍ ഉണ്ടാകുന്നതു ഭീകരതകളുടെ കഥകളാണ്. ഈഡിപ്പസ് രാജാവ് തീബ്‌സിലെ രാജാവാകുന്നത് ഇങ്ങനെ ഒരു ഭീകരസത്വമായ യക്ഷിയുടെ പ്രതിസന്ധി തരണംചെയ്താണ്. ആ ഭീകരയക്ഷി ചോദിച്ചത് തികച്ചും സാംസ്‌കാരികമായ ചോദ്യമായിരുന്നു.''രാവിലെ നാലുകാലിലും ഉച്ചയ്ക്ക് രണ്ടുകാലിലും വൈകുന്നേരം മൂന്നുകാലിലും നടക്കുന്നതെന്ത്?'' ഇതിന് ഉത്തരം അറിയാത്തവരാണ് കൊല്ലപ്പെടുന്നത്. ഭീമന്‍ അമ്മ കുന്തിയുടെ അഭ്യര്‍ത്ഥന പ്രകാരം രക്ഷിച്ചത് ഒരുസമൂഹത്തെ ഇതുപോലൊരു ഭീകരനില്‍ നിന്നാണ്, ബകന്‍ എന്ന ഭീകരന്‍. ക്രൈസ്തവപാരമ്പര്യത്തില്‍ ജോര്‍ജ് പുണ്യാളന്‍ ഭീകരസത്വമായ വ്യാളിയില്‍നിന്ന് ഒരു പെണ്‍കുട്ടിയെ രക്ഷിക്കുന്ന ചിത്രം നാം കണ്ടിട്ടുണ്ട്. ആരാണീ ഭീകരസത്വങ്ങള്‍? ആധുനിക മനഃശാസ്ത്ര ദാര്‍ശനികനായ മിഷേല്‍ ഫുക്കോ എഴുതി: ''ഭീകരത പതുങ്ങി നടക്കുന്ന സത്വങ്ങളുണ്ട്. അവയുടെ രൂപങ്ങള്‍ അറിവിന്റെ ചരിത്രമനുസരിച്ച് മാറുന്നു.'' ആധുനികകാലത്ത് ഈ ഭീകരസത്വങ്ങള്‍ ചന്തകളിലും ആള്‍ക്കൂട്ടത്തിലും പ്രാര്‍ത്ഥനാലയങ്ങളിലും സ്വയം പൊട്ടിത്തെറിച്ചു സര്‍വനാശം വിതയ്ക്കുന്നു; വിമാനങ്ങള്‍ റാഞ്ചി ഭീകരതകള്‍ സൃഷ്ടിക്കുന്നു. കടപ്പുറത്ത് ആളുകളെ നിരയായി നിര്‍ത്തി കഴുത്തറുത്തു വലിയ ഭീകരദൃശ്യങ്ങള്‍ ഉണ്ടാക്കുന്നു. ഭീകരര്‍ ഭീകരതയുടെ പ്രകടനക്കാരാണ്. നാം ജീവിക്കുന്നത് ഭീകരതയുടെ നൂറ്റാണ്ടിലാണെന്നു തോന്നിപ്പോകുന്നു. ഭീകരര്‍ നമ്മെ ഭയത്തിന്റെ അരക്ഷിതാവസ്ഥയിലാക്കുന്നു. നമ്മുടെ രാത്രികള്‍ സുരക്ഷിതവും പകലുകള്‍ അങ്കലാപ്പുമുള്ളതാണ്. യാത്രികര്‍ വലിയ ഭയത്തിലാണ്. ഈ ഭീകരര്‍ നമ്മിലേക്കു വരുന്നത് നമ്മുടെ ലോകത്തിന് പുറത്തുനിന്നാണ്. അവര്‍ അന്യരാണ്, ഭയപ്പെടുത്തുന്ന അന്യനാട്ടുകാര്‍, ശത്രുക്കള്‍. അന്യതയുടെ പരദേശത്തുനിന്നു തിന്മയുടെ പീഡനങ്ങളുമായി വരുന്നു. പക്ഷേ, ഇവരും മനുഷ്യരാണ്. ഈ മനുഷ്യര്‍ വരുന്നതു വലിയ വെറുപ്പും വിദ്വേഷവും കോപവുമായിട്ടാണ്. വിദ്വേഷത്തിന്റെ പകയും സ്പര്‍ദ്ദയും ഇവരെ ഭീകരരാക്കുന്നു. ഈ വെറുപ്പിനും വിദ്വേഷത്തിനും കോപത്തിനും അവര്‍ പല വിശദീകരണങ്ങള്‍ നല്‍കുന്നു - മതം, ദൈവം, ദൈവകല്‍പന. ഈ അക്രമവും വെറുപ്പും നടത്തുന്ന വേട്ട നാം നമ്മുടെ വെള്ളിത്തിരകളില്‍ കാണുന്നു. ഇരയാക്കപ്പെടുന്നവര്‍ ഒരു കുറ്റവും ചെയ്യാത്ത വെറും ബലിയാടുകളാണ്. നമ്മുടെ നാഗരികതയുടെ ഏറ്റവും വലിയ പ്രശ്‌നം വെറുപ്പിനെ എങ്ങനെ നേരിടണം എന്നതാണ്. പാവപ്പെട്ട സാധാരണക്കാര്‍ ഇരകളായി കൊല്ലപ്പെടുന്നു. എന്തിന് വെറുക്കുന്നു? വെറുക്കപ്പെട്ടവര്‍ എന്ത് തെറ്റുചെയ്തു? വെറുപ്പിന്റെ ഭീകരരാകുന്നവര്‍ അശ്വത്ഥാമാവിന്റെ അവതാരങ്ങളാകുന്നു. ഈ തിന്മയുടെ ഉറഞ്ഞുതുള്ളല്‍ നമ്മുടെ ജീവിതത്തിന്റെ നടുത്തളത്തില്‍ നടക്കുന്നു. ശത്രുവിനെ സൃഷ്ടിച്ചു ശത്രുവിനെ വേട്ടയാടുന്നവര്‍ എന്തുനേടുന്നു? അപരനെ അന്യനും ശത്രുവും പിശാചുമാക്കുന്ന വെറുപ്പിന്റെ ഉറവിടം അകത്തുവസിക്കുന്ന വൈരമൂര്‍ത്തിതന്നെ. ഇത്തരത്തിലുള്ള ഹെഗേലിയന്‍ ദര്‍ശനത്തിന് നമ്മില്‍ പലരും വശംവദരാകുകയാണ്. യുദ്ധത്തിന്റെ ഈ വീക്ഷണം സ്വന്തമാക്കി നാം പട്ടാളക്കാരും ചാവേറുകളുമാകുകയാണ്. ഹെഗേല്‍ എഴുതി: ''പുരോഗതി യുദ്ധമാണ്, സമാധാനം മുരടിപ്പാണ്.'' ''ദൈവികതയുടെ ആവിഷ്‌കാരമാണ് രാഷ്ട്രം.'' രാഷ്ട്രത്തെ നാം ആരാധിക്കണം എന്നും അദ്ദേഹം എഴുതി. ആധുനിക ലോകത്തില്‍ ഇടതുപക്ഷ ഹെഗേലിന്റെ വിശ്വാസികളായ മാര്‍ക്‌സിസ്റ്റുകാര്‍ മാത്രമല്ല, വലതുപക്ഷ ഹെഗേലിയന്‍ വിശ്വാസികളും പല പേരുകളിലുണ്ട്. ഇവര്‍ എല്ലാവരും കളപറിക്കുന്നതില്‍ അതിയായ ആവേശം കണിക്കുന്നവരാണ്. എന്തിനെയും ആരെയും കളയാക്കി വെട്ടിമാറ്റാനുള്ള ആവേശം വലിയ തോതില്‍ നമ്മെ വേട്ടയാടുന്നു. അക്ഷരത്തെറ്റ് അക്ഷരങ്ങളെ തല്ലിക്കൊന്ന് തിരുത്താന്‍ നടക്കുന്നവരാണിവര്‍. ഏതു പട്ടിയെയും പേപ്പട്ടി എന്നുവിളിച്ചു കൊല്ലുന്ന വിശ്വാസങ്ങള്‍! യുദ്ധത്തിന്റെ അശ്വത്ഥാമാവിനെ കാണാന്‍ അയല്‍ക്കാരനിലേക്കും അന്യനിലേക്കും നാം നോക്കുന്നു. പക്ഷേ, അകത്തേക്കുനോക്കിയാല്‍ അവന്‍ നമ്മിലുണ്ട് എന്നുകാണാം. ആ കാഴ്ചയില്ലാത്ത, ആത്മജ്ഞാനം നഷ്ടപ്പെട്ട യുഗമായി നമ്മുടേതു മാറുകയാണോ? നന്മതിന്മകളുടെ അതിര്‍ത്തിരേഖകള്‍ കടന്നുപോകുന്നത് രാജ്യങ്ങള്‍ക്കിടയിലൂടെയും വര്‍ഗങ്ങള്‍ക്കിടയിലൂടെയും മതങ്ങള്‍ക്കിടയിലൂടെയുമാണ് എന്ന് നാം കരുതുന്നു. എന്നാല്‍ അത് കടന്നുപോകുന്നത് ഓരോ മനുഷ്യഹൃദയത്തിലൂടെയുമാണ് എന്നു നാം തിരിച്ചറിയുമോ? തിബത്തില്‍നിന്നുള്ള കഥയുടെ പൊരുളും അതുതന്നെ. ''മനസ്സിന്റെ ആനയെ ശ്രദ്ധയുടെ കയറുകള്‍കൊണ്ടു ബന്ധിച്ചാല്‍ എല്ലാ ഭയങ്ങളും നാടു വിടും, സന്തോഷം വന്നുചേരും. ശത്രുക്കളും പുലികളും സിംഹങ്ങളും കരടികളും സര്‍പ്പങ്ങളും ആനകളും എല്ലാം നരകവാസികളാണ്; ഒപ്പം ചെകുത്താന്മാരും ഭീകരസത്വങ്ങളും. എല്ലാറ്റിനെയും മനസ്സിന്റെ ശ്രദ്ധയില്‍ ഉള്‍ക്കൊള്ളുമ്പോള്‍ എല്ലാവരും ശാന്തരാകും. കാരണം മനസ്സില്‍നിന്നാണ് എല്ലാ ഭയങ്ങളും അളവറ്റ സങ്കടങ്ങളും ഉണ്ടാകുന്നത്.'' ശാന്തമായ മനസ്സു തന്നില്‍ത്തന്നെ അടച്ചുപൂട്ടിയ മനസ്സല്ല. അത് കേള്‍ക്കുന്നു; തന്നില്‍ത്തന്നെ തന്റേതല്ലാത്ത സ്വരം. മനസ്സിന്റെ വാതില്‍ തുറക്കുന്നു - അപരനുവേണ്ടി ആതിഥ്യത്തിന്റെ. അതിഥിയാണ് ദൈവം. കടന്നുവരുന്നവന്‍ ഒന്നുമാത്രം ചോദിക്കുന്നു: ധര്‍മ്മം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.