നീതിയുടെ മാനദണ്ഡം

Friday 7 October 2016 10:03 am IST

കോളിളക്കം സൃഷ്ടിച്ച സൗമ്യവധക്കേസില്‍ ഇരയായ പെണ്‍കുട്ടിക്കും അവരുടെ കുടുംബത്തിനും നീതി ലഭിച്ചില്ലെന്ന സത്യം പകല്‍പോലെ വ്യക്തമാണ്. നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും വിശ്വസിക്കുന്നതും മറിച്ചല്ല. നിയമത്തിന്റെ ആത്യന്തികലക്ഷ്യം നീതി നടപ്പാക്കലാണ്. അവസാനത്തെ പൗരനുവരെയും നീതി ഉറപ്പുവരുത്താന്‍ നമ്മുടെ ഭരണഘടനാധിഷ്ഠിത വ്യവസ്ഥയ്ക്ക് പ്രതിബദ്ധതയുമുണ്ട്. സൗമ്യ വധക്കേസില്‍ ആ ഭാരിച്ച ചുമതല നിറവേറ്റുന്നതില്‍ നമ്മുടെ കുറ്റാന്വേഷണ സംവിധാനവും പ്രോസിക്യൂഷനും വലിയൊരളവോളം പരാജയപ്പെട്ടിരിക്കയാണ്. ഗോവിന്ദച്ചാമി എന്ന നരാധമനാണ് നിസ്സഹായയായ ആ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി ജീവനെടുത്തതെന്ന് പരക്കെ ബോദ്ധ്യപ്പെട്ടിട്ടുള്ള വസ്തുത തന്നെയാണ്. ഇതൊക്കെ സാമാന്യബുദ്ധിയുള്ള ഏവര്‍ക്കും അറിയാവുന്ന പച്ചപ്പരമാര്‍ത്ഥമാണ്. എന്നിട്ടുമെന്തേ കൊലക്കുറ്റാരോപണത്തില്‍നിന്ന് ഈ കൊടും കുറ്റവാളി രക്ഷപ്പെട്ടു? മനസ്സാക്ഷിയുള്ള മുഴുവന്‍ മലയാളികളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഇക്കാര്യത്തില്‍ ബാലന്‍സ് തെറ്റിപ്പോകാതെ സമചിത്തതയോടെ മലയാളി സമൂഹം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നും വേദനമാത്രം കടിച്ചമര്‍ത്തി ജീവിക്കാന്‍ വിധിക്കപ്പെട്ട നിരാലംബയായ കുടുംബത്തിന്റെ അത്താണിയായിരുന്നു സൗമ്യയെന്ന യുവതി. കടുത്ത കഷ്ടപ്പാടുകളില്‍നിന്നു മോചിതയാകാന്‍ വെമ്പല്‍പൂണ്ട് വിവാഹിതയായ സുമതിയെന്ന ഹതഭാഗ്യയുടെ മകളായിരുന്നു പ്രസ്തുത യുവതി. ഭര്‍തൃപീഡനവും മദ്യത്തിന്റെ മാരകക്രൂരതകളും ചവുട്ടിമെതിച്ച ജീവിതമായിരുന്നു സുമതിയുടെത്. ജീവിതത്തില്‍ യാതനയും വ്യഥയും മാത്രം പേറാന്‍ വിധിക്കപ്പെട്ട സുമതിക്ക് പ്രത്യാശ ലഭിച്ചത് മകള്‍ക്ക് ഒരു ചെറിയ ജോലി തരപ്പെട്ടപ്പോഴാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരവേ തീവണ്ടിയിലെ പെണ്‍മുറിയില്‍ ഏകയായപ്പോള്‍ ഗോവിന്ദച്ചാമിയെന്ന ഹിംസ്രജന്തു കടിച്ചുകുടഞ്ഞ് റെയില്‍പ്പാളത്തിലേക്ക് വലിച്ചെറിഞ്ഞ് ബലാല്‍സംഗം ചെയ്ത നിഷ്‌കളങ്കയായ ആ പെണ്‍കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. പെറ്റമ്മയുടെ നെഞ്ചുപിളര്‍ന്ന ഈ ഭീകര സംഭവം കേരളം കണ്ട ഏറ്റവും ക്രൂരമായ നരഹത്യയായിരുന്നു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഗോവിന്ദച്ചാമിയെന്ന കൊടുംപാതകിക്ക് ലഭിക്കണമേയെന്ന് ഈ ലേഖകന്‍ ഉള്‍പ്പെടെ സമസ്ത ജനങ്ങളും ആഗ്രഹിച്ചിരുന്നു. എന്നാല്‍ നരഹത്യയ്ക്ക് സുപ്രീം കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയും ബലാത്സംഗകുറ്റത്തിന് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കുകയുമാണുണ്ടായത്. സുപ്രീം കോടതി വിധി കേട്ട മാത്രയില്‍ വികാരാധീനരായി നിയന്ത്രണംവിട്ട് ഇറങ്ങിപ്പുറപ്പെട്ട മലയാളികള്‍ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടിയ ചില വസ്തുതകള്‍ ശ്രദ്ധിക്കാനോ വിലയിരുത്താനോ തയ്യാറായിരുന്നില്ല. കുറ്റാന്വേഷകരും, കീഴ്‌ക്കോടതികളിലെ പ്രോസിക്യൂഷനും ജനദൃഷ്ടിയില്‍ വാഴ്ത്തപ്പെട്ടവരും, സുപ്രീം കോടതിയിലെ മുഖ്യ പ്രോസിക്യൂട്ടര്‍ വീഴ്ചക്കാരനുമായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ വിചാരണ കോടതിയിലും ഹൈക്കോടതിയിലും ചില അടിസ്ഥാന വീഴ്ചകള്‍ പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ കാര്യം ഗൗനിക്കപ്പെട്ടിരുന്നില്ല. നിയമാധിഷ്ഠിത കാര്യങ്ങളും അടിസ്ഥാന നിയമപ്രശ്‌നങ്ങളും പരിശോധിച്ച് അവിടേയ്ക്ക് ആരും കടന്നുചെല്ലാന്‍ തയ്യാറായിട്ടില്ല. സുപ്രീം കോടതി മൂന്നംഗ ബെഞ്ച് നല്‍കുന്ന നിയമവ്യാഖ്യാനം രാജ്യമാസകലം ബാധകമായിത്തീരുന്ന നിയമമാണ്. തെളിവ് നിയമം 26-ാം വകുപ്പിനും കുറ്റസമ്മതപ്രക്രിയയ്ക്കും കേരളത്തിലെ നീതിപീഠങ്ങള്‍ സൗമ്യക്കേസ്സില്‍ നല്‍കിയ ഭാഷ്യം അപ്പടി സുപ്രീം കോടതി അംഗീകരിച്ച് നിയമമായിത്തീര്‍ന്നിരുന്നെങ്കില്‍ എത്രയോ നിരപരാധികളുടെ തലകള്‍ പോലീസിന്റെ ഇംഗിതമനുസരിച്ച് ഭാവിയില്‍ ഇവിടെ ഉരുളുമായിരുന്നുവെന്ന് സാവകാശം സമൂഹം ചിന്തിക്കയാണ് വേണ്ടത്. വികാരത്തേക്കാള്‍ നിയമ വിചാരത്താല്‍ കോടതികള്‍ നയിക്കപ്പെടുന്നില്ലെങ്കില്‍ കോടതികളുടെ ആവശ്യമെന്താണ്? ഉദ്യോഗസ്ഥന്മാരായ പോലീസുകാരുടെ ഔദ്യോഗിക തീര്‍പ്പിനായി ക്രിമിനല്‍ കുറ്റങ്ങള്‍ വിട്ടുകൊടുക്കാനല്ലല്ലോ നിയമവ്യവസ്ഥ ലക്ഷ്യമിട്ടിട്ടുള്ളത്? സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കോടതി പ്രതികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. പക്ഷേ നിയമാധിഷ്ഠിത നീതി തകര്‍ന്നാല്‍ ഫലം അരാജകത്വമായിരിക്കും എന്നതും ഓര്‍ക്കണം. സ്ത്രീയെ തുറിച്ച് നോക്കിയാല്‍ കൊടുംശിക്ഷ നിയമ ഭേദഗതിവഴി നടപ്പാക്കിയ നമ്മുടെ നാട്ടില്‍ എന്തേ ഗോവിന്ദച്ചാമിയെന്ന കൊടുംപാതകിയെ വധശിക്ഷയില്‍നിന്നും ഒഴിവാക്കിയെന്ന ചോദ്യം മനസ്സാക്ഷിയുള്ളവരെ അലട്ടുന്നുണ്ടെന്നത് സത്യമാണ്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ ഫയലാക്കുന്ന റിവ്യൂ ഹര്‍ജിയില്‍ നിയമപരമായ വ്യവസ്ഥകളുപയോഗിച്ച് പ്രതിക്ക് കൂടുതല്‍ ശിക്ഷ ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. പക്ഷേ നിയമത്തിനാവശ്യം തെളിവാണ്. വ്യവസ്ഥാപിത നീതിക്കായി നിയമം അനുശാസിക്കുന്ന തെളിവുകള്‍ എന്തുകൊണ്ട് ഹാജരാക്കപ്പെട്ടില്ല? വിചാണവേളയില്‍ വൈരുദ്ധ്യകാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കി തെളിവ് കുറ്റമറ്റതാക്കേണ്ടത് പ്രോസിക്യൂഷന്റെ ചുമതലയല്ലേ? സുപീം കോടതിയിലെ അഭിഭാഷകനെ കല്ലെറിയുന്നവര്‍ ഇതൊന്നും കാണാന്‍ ശ്രമിച്ചിട്ടില്ലല്ലോ? ഇക്കാര്യത്തില്‍ കുറ്റാന്വേഷകനും പ്രോസിക്യൂഷനും വിചാരണാവേളയില്‍ വലിയൊരളവോളം പരാജയപ്പെട്ടു എന്നു പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. സൗമ്യ വധക്കേസിന്റെ പേരില്‍ തലങ്ങും വിലങ്ങും ഇളകിമറഞ്ഞ കേരളം ദൂരക്കാഴ്ചയില്ലാതെ, വികാരത്തിനടിപ്പെട്ട് പ്രതികരിച്ചുവെന്ന് ആത്മാര്‍ത്ഥമായും കരുതുന്ന ഒരാളാണ് ഈ ലേഖകന്‍. കോടതിയില്‍ തെളിവുകള്‍ കണക്കിലെടുത്താണ് കുറ്റം പ്രതിക്കെതിരെ നിശ്ചയിക്കേണ്ടത്. ജനഹിതവും കേസിന്റെ സദാചാരാധിഷ്ഠിതമായ അംശങ്ങളും കണക്കിലെടുത്ത് കുറ്റത്തിന്റെ തലങ്ങള്‍ നിശ്ചയിക്കുന്ന രീതിയല്ല നാം സ്വീകരിച്ചിട്ടുള്ളത്. കോടതിമുറിയില്‍ കോടതിയിലെ ന്യായാധിപന്റെ കണ്‍മുമ്പില്‍ ഒരാളെ കൊന്നാല്‍പോലും ആ ന്യായാധിപന് തന്നില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് കുറ്റവാളിയെ ശിക്ഷിക്കാനാവില്ല. കുറ്റകൃത്യത്തിന് സാക്ഷിയായി പ്രസ്തുത ന്യായാധിപന് ആ കേസില്‍ തെളിവു നല്‍കാനല്ലാതെ സ്വയം കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കാനാവില്ല. നിയമാധിഷ്ഠിത നീതിക്രമം അക്ഷരംപ്രതി പരിപാലിക്കാന്‍ നമ്മുടെ നീതിന്യായവ്യവസ്ഥ ബാദ്ധ്യസ്ഥമാണ്. ഇതൊക്കെ ലംഘിക്കപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന അപകടം ആരും കാണുന്നില്ല എന്നതാണ് ദുഃഖസത്യം. കൊലക്കേസില്‍ ജീവന്‍ നഷ്ടപ്പെട്ടു എന്ന് തെളിയിക്കപ്പെട്ട സംഭവത്തിലെ മരിച്ചു എന്ന് തെളിയിച്ച ഇര കേസിന്റെ വിചാരണയെല്ലാം കഴിഞ്ഞശേഷം നാട്ടില്‍ തിരിച്ചെത്തിയ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. എത്രയോ നിരപരാധികളുടെ ജീവിതം നീതിവ്യവസ്ഥ കവര്‍ന്നെടുക്കുകവഴി നീതിനിഷേധം നടന്നിട്ടുള്ള നാടാണ് നമ്മുടേത്. 2001 ല്‍ അഡ്വക്കറ്റ് കുഞ്ഞിരാമമേനോന്‍ സ്മാരക അവാര്‍ഡ് ഈ ലേഖകന് നേടിത്തന്ന 'ക്രൂശിക്കപ്പെട്ട നീതി' എന്ന മാധ്യമത്തിലെ ലേഖന പരമ്പരയില്‍ കൊലക്കേസുകളില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടതും ശിക്ഷ അനുഭവിച്ചശേഷം അവരുടെ നിരപരാധിത്വം തെളിഞ്ഞതുമായ അഞ്ച് കേസുകള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മതിയായ നിയമാധിഷ്ഠിത തെളിവ് കൂടാതെ ഒരാളെ ശിക്ഷിക്കുന്ന രീതി വികാരത്തിനടിപ്പെട്ട് നടപ്പാക്കാന്‍ പാടില്ലാ എന്നുതന്നെയാണ് ഈ ലേഖകന്റെ സുചിന്തിതമായ അഭിപ്രായം. സുപ്രീം കോടതി സൗമ്യക്കേസില്‍ ഉയര്‍ത്തിയിട്ടുള്ള രണ്ട് പ്രധാനപ്പെട്ട പോയന്റുകള്‍ സാവകാശത്തില്‍ പഠിച്ചു മനസ്സിലാക്കാന്‍ മലയാളികള്‍ ശ്രമിക്കേണ്ടതുണ്ട്. സൗമ്യക്കേസില്‍ തൃശ്ശൂരില്‍ ആനയും അമ്പാരിയുമായി സമൂഹം വാഴ്ത്തപ്പെട്ടവരാക്കിയ കുറ്റാന്വേഷണ സംവിധാനവും പ്രോസിക്യൂഷനും, അത് വിശ്വസിച്ച് നിയമത്തേക്കാള്‍ വികാരത്തിന് പ്രാമുഖ്യം നല്‍കിയ കീഴ്‌ക്കോടതിയുമൊക്കെ യഥാര്‍ത്ഥത്തില്‍ കടുത്ത വീഴ്ച പറ്റിയവരല്ലെ? തെളിവില്‍ പോരായ്മയുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ ആ പോരായ്മ നികത്താന്‍ നടപടി സ്വീകരിക്കാമായിരുന്നില്ലേ? മറിച്ച് അത്തരം പോരായ്മകളേ തെളിവ് നിയമത്തിലെ പ്രതികള്‍ക്കുള്ള സംരക്ഷണ വകുപ്പുകള്‍ വേണ്ടെന്ന് വച്ച് വെള്ളപൂശി സുപ്രീം കോടതിയിലെ മൂന്നംഗ ജഡ്ജിമാര്‍ തീരുമാനിക്കുകയും അത് രാജ്യത്തിന്റെ നിയമമാക്കുകയും ചെയ്തിരുന്നെങ്കില്‍ ഉണ്ടായേക്കാവുന്ന അപകടം എത്ര വലുതാണ്. ഇത് നിരപരാധികളുടെ തലയുരുളുന്ന അവസ്ഥയും ദോഷവും സൃഷ്ടിക്കാനിടയാക്കുമായിരുന്നില്ലേ? നമ്മുടെ രാജ്യത്ത് നിയമാധിഷ്ഠിതനീതി ക്രമമാണ് അംഗീകരിച്ചിട്ടുള്ളത്. ന്യായാധിപന്റെ വ്യക്തിപരമോ, ജഡ്ജിയധിഷ്ഠിതമോ ആയ നീതി നമ്മുടെ നിയമക്രമത്തിന് അന്യമാണ്. പ്രതി നിരപരാധിത്വം തെളിയിക്കണമെന്ന ഫ്രഞ്ച് രീതി ഇവിടെ നടപ്പാക്കാനാവില്ലെന്ന് നമ്മുടെ നാടിന് എത്രയോ തവണ ബോധ്യപ്പെട്ടിട്ടുള്ളതാണ്. കുറ്റാന്വേഷണ സംവിധാനം ഇവിടെ കാര്യക്ഷമമായി ഉണര്‍ന്നു പ്രവര്‍ത്തിക്കയാണുവേണ്ടത്. അതിലുണ്ടാകുന്ന വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിപ്പാന്‍ വിധിന്യായങ്ങള്‍വഴി കോടതികള്‍ തിരുത്തല്‍ ശക്തിയാവുകയാണ് വേണ്ടത്. പോലീസും, പ്രോസിക്യൂഷനും, ന്യായാധിപനും ഒരേ പോയിന്റില്‍ എത്തി അവിടെനിന്ന് വിചാരണയും വിധിത്തീര്‍പ്പുമുണ്ടാകുന്ന അപകടാവസ്ഥ വന്നുകൂടാ. അടിസ്ഥാന തെളിവുകളുടെ അഭാവമോ, കേരളത്തിലെ നീതിപീഠങ്ങള്‍ അനുവര്‍ത്തിച്ച തെറ്റായ കാഴ്ചപ്പാടോ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സുപ്രീം കോടതി സൗമ്യ കേസുള്‍പ്പെടെ മൂന്ന് ഹീനമായ കുറ്റങ്ങളില്‍ നരഹത്യാ കുറ്റക്കാരെ മോചിപ്പിച്ചിട്ടുണ്ട്. ഈ കേസ്സുകളുടെ ദുരന്തപൂര്‍ണ്ണമായ അന്തിമവിധി ബന്ധപ്പെട്ട അധികാരികളുടെ കണ്ണുകള്‍ തുറപ്പിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു.