നഗരസഭാ കൗണ്‍സിലില്‍ ഇടതും വലതും ഏറ്റുമുട്ടി

Thursday 6 October 2016 9:17 pm IST

കായംകുളം: നഗരസഭാ കൗണ്‍സില്‍ എല്‍ഡിഎഫും യുഡിഎഫും എറ്റുമുട്ടി. കൗണ്‍സില്‍ യോഗത്തിനിടെ പരസ്പരം അസഭ്യ വര്‍ഷവും തുടര്‍ന്ന് കയ്യാങ്കളിയും അരങ്ങേറി. ഇരു ഭാഗത്തുനിന്നുമുള്ള ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. യുഡിഎഫിലെ ഒരംഗത്തെ മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. ഇന്നലെ രാവിലെ 11നാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. 32 ഇനങ്ങളായിരുന്നു അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യ ഇനമായ താലൂക്കാശുപത്രിയില്‍ കോഫി മെഷിന്‍ സ്ഥാപിക്കുന്നതിന് എച്ച്എംസി അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അനധികൃത നിര്‍മ്മാണത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ നാടകീയ രംഗങ്ങളുണ്ടായത്. ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി യുഡിഎഫ് അംഗങ്ങള്‍ ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തി. തുടര്‍ന്ന് എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതോടെ ഇരു കൂട്ടരുടെയും അഴിമതി പുറത്തുവന്നതായി ബിജെപി അംഗങ്ങള്‍ പറഞ്ഞു. ചെയര്‍മാന്‍ എന്‍.ശിവദാസന്‍ മറുപടി നല്‍കുന്നതിനിടെ ചില മുന്‍ വൈസ് ചെയര്‍മാന്‍മാര്‍ അഴിമതി നടത്തിയെന്ന ചെയര്‍മാന്റെ പരാമര്‍ശം യുഡിഎഫ്. അംഗങ്ങളെ പ്രകോപിപ്പിച്ചു. എല്‍ഡിഎഫ് അംഗങ്ങളും എഴുന്നേറ്റതോടെ പരസ്പരം അസഭ്യ വര്‍ഷങ്ങളായി. ചെയര്‍മാന്റെ മുന്‍പില്‍ എത്തി പരസ്പരം വാടാ പോടാ വിളി കളും കയ്യാങ്കളിയുമായി. കൗണ്‍സില്‍ ഹാളിലെ കസേരകളും കുടിവെള്ള കുപ്പികളും എടുത്തെറിഞ്ഞു. ഇതിനിടെ യുഡിഎഫിലെ നവാസ് മുഹമ്മദ് കുഞ്ഞ് സഭയില്‍ അസഭ്യം പറഞ്ഞുവെന്നാരോപിച്ച് ഇദ്ദേഹത്തെ മൂന്നു മാസത്തേക്ക്‌സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ചെയര്‍മാന്‍ സസ്‌പെന്റ് ചെയ്തു തുടര്‍ന്ന് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. ഇതോടെ ബിജെപി അംഗങ്ങള്‍ നഗരസഭ കവാടം ഉപരോധിച്ചു. കൗണ്‍സില്‍ യോഗം നടത്താത്തതിനെതിരെ ബിജെപി കഴിഞ്ഞ ദിവസം നഗരസഭ പടിക്കല്‍ ധര്‍ണ്ണ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തട്ടിക്കൂട്ട് കൗണ്‍സില്‍ യോഗം ചെയര്‍മാന്‍ വിളിച്ചത്. വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ ഇരുകൂട്ടരുടെയും അഴിമതി പുറത്തു വരുമെന്നും അതിനാല്‍ ഒത്തു തീര്‍പ്പു രാഷ്ട്രീയത്തിന്റെ ഭാഗമാണ് നഗരസഭയിലെ നാടകമെന്ന് ബിജെപി ആരോപിച്ചു. നഗരസഭ ഭരണസമതിക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ബിജെപി നഗരസഭ അംഗങ്ങള്‍ പറഞ്ഞു. കയ്യാങ്കളിയില്‍ പരുക്കേറ്റ എല്‍ഡിഎഫിലെ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.ഗിരിജ, കൗണ്‍സിലര്‍മാരായ ശശികല, കരിഷ്മ ,ദീപു എന്നിവരെയം യുഡിഎഫിലെ നവാസ് മുഹമ്മദ് കുഞ്ഞ്, ഷാനവാസ്, ഭാമിനി സൗരഭന്‍ എന്നിവരെയും താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.