എട്ടുമാസമായിട്ടും രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ 500ല്‍ താഴെ തൊഴിലാളികള്‍ മാത്രം ഇഎസ്‌ഐ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Thursday 6 October 2016 9:43 pm IST

കാഞ്ഞിരപ്പള്ളി: താലൂക്കിലെ തൊഴിലാളികള്‍ക്ക് ചികില്‍സാ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി കാഞ്ഞിരപ്പള്ളിയില്‍ ആരംഭിച്ച ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം അവതാളത്തിലേക്ക്. ആരംഭിച്ച് എട്ടുമാസം കഴിഞ്ഞിട്ടും 500ല്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താലൂക്കിനെ ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ 2000ല്‍ കുറയാത്ത തൊഴിലാളികളും അവരുടെ ആശ്രിതരുമായി 5000 ലധികം ആളുകളും വേണമെന്നാണ് നിയമം. 2013 ജൂണ്‍ വരെ താലൂക്കിലെ 2952 തൊഴിലാളികളാണ് ക്ഷേമനിധിയുടെ പരിധിയില്‍ വരുന്നതെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫിസില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത്. ഇതിനു പുറമേ പിന്നീട് ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം സ്‌കൂള്‍, ആശുപത്രി ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തി ഇഎസ്‌ഐ കോര്‍പ്പറേഷനും, തൊഴിലാളി സംഘടനകളും ചേര്‍ന്ന് നടത്തിയ സര്‍വ്വേ പ്രകാരം താലൂക്കില്‍ തൊഴിലാളികളും ആശ്രിതരും ഉള്‍പ്പടെ 8000ലധികം ആളുകള്‍ ഉണ്ടെന്നുള്ള കണക്കുകള്‍ അനുസരിച്ചാണ് കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി ഇഎസ്‌ഐ ഡിസ്പന്‍സറി ആരംഭിച്ചത്. ഇതനുസരിച്ച് രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കാന്‍ മൂന്നു ഡോക്ടര്‍മാരെ ഉള്‍പ്പടെ 17 ജീവനക്കാരുടെ തസ്തികകളും സൃഷ്ടിച്ചു. എന്നാല്‍ താലൂക്കിലെ വിവിധ സ്ഥാപന ഉടമകളും, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമാണ് തൊഴിലാളികളുടെ പേരുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതെന്ന് ആരോപണമുണ്ട്. തൊഴിലുടമ നല്‍കുന്ന തൊഴിലാളികുടെ എണ്ണം അനുസരിച്ച് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി വേണം ഡിസ്പന്‍സറിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍. എണ്ണായിരത്തോളം തൊഴിലാളികള്‍ ഉള്ള കാഞ്ഞിരപ്പള്ളി താലൂക്കില്‍ അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പല സ്ഥാപന, തൊഴില്‍ ഉടമകളും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കണക്കില്‍പ്പെടുത്താതെ ഇവരുടെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതാണ് തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായ ചികില്‍സാ ഇന്‍ഷുറന്‍സ് ലഭ്യമാകാതെ വരുന്നതിന് പിന്നിലെന്നും ആരോപണമുണ്ട്. ചികില്‍സാ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് തൊഴിലാളികളുടെ വേതനത്തിന്റെ 1.75 ശതമാനം തൊഴിലാളിയും, 4.25 ശതമാനം തുക ഉടമയും ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ അടയ്ക്കണം. ഇപ്രകാരം അടയ്ക്കുന്ന തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സൗജന്യ ചികില്‍സ ഇഎസ്‌ഐ ഡിസ്‌പെന്‍സറികളില്‍ ലഭ്യമാകുന്നത്. കാഞ്ഞിരപ്പള്ളിയില്‍ ഇഎസ്‌ഐ ഡിസ്പന്‍സറിയില്‍ ജീവനക്കാരുടെ കുറവും പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഡോക്ടര്‍മാര്‍–മൂന്ന്, ഫാര്‍മസിസ്റ്റ്–മൂന്ന്, സ്റ്റാഫ് നഴ്‌സ്–ഒന്ന്, എഎന്‍എം–ഒന്ന്, നഴ്‌സിങ്ങ് അസിസ്റ്റിന്റ്ഒന്ന്, ഹോസ്പിറ്റല്‍ അറ്റന്‍ഡേഴ്‌സ് ഗ്രേഡ് നാല്, പാര്‍ട്ട് ടൈം സ്വീപ്പര്‍–ഒന്ന്, ഓഫീസ് ക്ലാര്‍ക്ക് രണ്ട്, ഓഫിസ് അസിസ്റ്റന്റ് –ഒന്ന് എന്നിങ്ങനെ 17 തസ്തികകളാണുള്ളത്. നിലവില്‍ ഡോക്ടര്‍മാര്‍ മൂന്നു പേരുമുണ്ട്. എന്നാല്‍ ഫാര്‍മസിസ്റ്റ് ഒന്ന്, സ്റ്റാഫ് നഴ്‌സ് –ഒന്ന്, നഴ്‌സിങ് അസിസ്റ്റന്റ് –ഒന്ന്, അറ്റന്‍ഡര്‍ ഗ്രേഡ് –രണ്ട്, ഓഫിസ് അസിസ്റ്റന്റ്–ഒന്ന്, ക്ലാര്‍ക്ക് –ഒന്ന് എന്നിങ്ങനെ 10 ജീവനക്കാര്‍ മാത്രമാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.