'തലവരിപ്പണം' അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു: സ്‌കൂള്‍ മാനേജര്‍

Thursday 6 October 2016 9:51 pm IST

എരുമേലി: എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും സ്‌ക്കൂള്‍ അധികൃതര്‍ 'തലവരി പണം' വാങ്ങിയെന്ന പി.സി. ജോര്‍ജ് എംഎല്‍എ യുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഏതൊരു അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മാനേജര്‍ 'ജന്മഭൂമി' യോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് നിയമസഭയില്‍ എംഎല്‍എ ആക്ഷേപം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ അന്വേഷണം. പരാതിയുടെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്ററി വകുപ്പില്‍ നിന്നും അന്വേഷണം നടത്തുകയും മതിയായ രേഖകളും തെളിവുകളും നല്‍കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. മാനേജ്‌മെന്റ് ക്വോട്ടായില്‍ വരുന്ന 30 സീറ്റില്‍ മാനേജ്‌മെന്റിന്റെ തന്നെ പരിധിയില്‍ വരുന്നവര്‍ക്ക് അഡ്മിഷന്‍ കൊടുക്കാന്‍ കഴിയുന്നില്ല. പലപ്പോഴും സര്‍ക്കാര്‍ അനുവദിക്കുന്ന ഫീസു പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, സര്‍ക്കാര്‍ തീരുമാനിക്കുന്നതനുസരിച്ചുള്ള വിവിധ വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ നല്‍കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എരുമേലി സ്വദേശി കണ്ണങ്കര സലീമാണ് മകളുടെ പഠനത്തിനായി സ്‌ക്കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ട 'തലവരി പണം' നല്‍കിയെന്ന് കാട്ടി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എംഎല്‍എ നിയമസഭയിലും ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ സെന്റ് തോമസ് സ്‌ക്കൂളുമായി ഏറെ ബന്ധമുള്ള എംഎല്‍എ കംമ്പ്യൂട്ടറുകളും, മൂത്രപ്പുരയും നിര്‍മ്മിക്കുന്നതിനും ഫണ്ടുകളും നല്‍കിയിട്ടുണ്ടന്നും, എംഎല്‍എ യുടെ പരാതിയിലടക്കം നടക്കുന്ന അന്വേഷണത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുകയാണന്നും മാനേജര്‍ പറഞ്ഞു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സ്‌ക്കൂളില്‍ നടക്കുന്ന മൈതാനത്തിന്റെ നിര്‍മ്മാണം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണന്നും മാനേജര്‍ പറഞ്ഞു. എന്നാല്‍ പരാതി സത്യമാണന്നും നടപടികള്‍ തുടരുമെന്നും പി.സി. ജോര്‍ജ് എംഎല്‍എയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.