കബഡി ലോകകപ്പിന് ഇന്നു തുടക്കം

Thursday 6 October 2016 10:59 pm IST

കബഡി ലോകകപ്പില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ടീം

അഹമ്മദാബാദ്: ഇനി രണ്ടാഴ്ച കായിക ലോകം കബഡിയുടെ ആവേശത്തിമിര്‍പ്പിലേക്ക്. ലോകകപ്പ് കബഡി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് അഹമ്മദാബാദില്‍ തുടക്കം. ഇന്ത്യയുള്‍പ്പെടെ 12 ടീമുകളാണ് ലോക കിരീടത്തിനായി പോരാടുക. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ഒഴിവാക്കിയത് ചാമ്പ്യന്‍ഷിപ്പിന്റെ തിളക്കത്തിന് അല്‍പ്പം മങ്ങലേല്‍പ്പിക്കും.
കിരീട പ്രതീക്ഷയുള്ളത് ഇന്ത്യയ്ക്ക്. കടലാസിലും കളത്തിലും കരുത്തരാണ് ഇന്ത്യ.

പാക്കിസ്ഥാനില്ലാത്തത് കിരീട സാധ്യത വര്‍ധിപ്പിക്കുന്നു. ഇറാനാണ് രണ്ടാമത്തെ മികച്ച ടീം. ജപ്പാന്‍, ദക്ഷിണ കൊറിയ, ബംഗ്ലാദേശ് ടീമുകളും പ്രതീക്ഷയോടെ ചുവടുവെക്കുന്നു. അര്‍ജന്റീന, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, കെനിയ, പോളണ്ട്, തായ്‌ലന്‍ഡ്, യുഎസ്എ ടീമുകളും എത്തുന്നു. രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച് മത്സരം. ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, അര്‍ജന്റീന, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകള്‍ ഒരു ഗ്രൂപ്പില്‍.

പ്രൊ കബഡി ലീഗ് ഉയര്‍ത്തിയ തരംഗം ലോകകപ്പിലും നിലനിര്‍ത്താമെന്നാണ് അന്താരാഷ്ട്ര കബഡി ഫെഡറേഷന്റെയും ഇന്ത്യന്‍ ഫെഡറേഷന്റെയും പ്രതീക്ഷ. രാത്രി എട്ടിനും ഒമ്പതിനും രണ്ട് മത്സരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ന് എട്ടിന് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ, ദക്ഷിണ കൊറിയയെ നേരിടും. രണ്ടാം മത്സരം ഇറാനും യുഎസും തമ്മില്‍. നാളെ ഓസ്‌ട്രേലിയ, 11ന് ബംഗ്ലാദേശ്, 15ന് അര്‍ജന്റീന, 18ന് ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍.

കരുത്തോടെ ഇന്ത്യ

ലോകത്തെ മികച്ച താരങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പ്രൊ കബഡി ലീഗില്‍ യു മുംബൈയെ നയിച്ച പാരമ്പര്യമുള്ള റെയ്ഡര്‍ അനൂപ് കുമാര്‍ നായകന്‍. അജയ് താക്കൂര്‍, ദീപക് ഹൂഡ, ജസ്‌വീര്‍ സിങ്, പ്രദീപ് നര്‍വാല്‍, രാഹുല്‍ ചൗധരി (റെയ്ഡര്‍മാര്‍); ധര്‍മരാജ് ചെരലതന്‍, മോഹിത് ചില്ലാര്‍, സുരേന്ദര്‍ നദ, സുര്‍ജീത് (ഡിഫന്‍ഡര്‍മാര്‍); കിരണ്‍ പര്‍മാര്‍, മന്‍ജീത് ചില്ലാര്‍, നിതിന്‍ ടോമര്‍, സന്ദീപ് നര്‍വാല്‍ (ഓള്‍റൗണ്ടര്‍മാര്‍) എന്നിവര്‍ ടീമില്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ദേവാണ് ടീമിന്റെ ജേഴ്‌സി പുറത്തിറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.