ആത്മഹത്യാ ഭീഷണിക്ക് പിന്നില്‍ യുഡിഎഫിന്റെ രാഷ്ട്രീയക്കളി

Friday 7 October 2016 1:06 am IST

  കാഞ്ഞങ്ങാട്: പെരിയ കേന്ദ്രസര്‍വ്വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ കയറി മാളത്തുംപാറ കോളനിവാസികള്‍ നടത്തിയ ആത്മഹത്യാ ഭീഷണി യുഡിഎഫിന്റെ രാഷ്ട്രീയക്കളിയുടെ ഭാഗം. സര്‍വകലാശാല കോമ്പൗണ്ടിനകത്തെ മാളത്തുംപാറ കോളനി നിവാസികളുടെ പുനരധിവാസ പദ്ധതിയില്‍ അംഗീകരിച്ചെന്ന് പറയുന്ന ജോലി വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സമരം. ഇന്നലെ രാവിലെ മുതലാണ് കോളനിയിലെ 14 പേര്‍ സര്‍വകലാശാലയില്‍ സ്ഥിരം നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച രാത്രിയാണ് യുവാക്കള്‍ കെട്ടിടത്തിനകത്ത് കയറിപ്പറ്റിയത്. സംഭവമറിഞ്ഞ് സബ് കളക്ടര്‍ മൃണ്‍മയി ജോഷി, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്‍, തഹതസില്‍ദാര്‍ രമേന്ദ്രന്‍, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി. പെരിയ മാളത്തുംപാറയില്‍ സംസ്ഥാന സര്‍ക്കാര്‍ പതിച്ചു നല്കിയ 21 ഏക്കര്‍ സ്ഥലത്ത് 18 കുടുംബങ്ങളാണ് താമസമുണ്ടായിരുന്നത്. പിന്നീട് അന്നത്തെ യുപിഎ സര്‍ക്കാര്‍ ഇവിടെ സര്‍വകലാശാലക്ക് അനുമതി നല്‍കുകയായിരുന്നു. സര്‍വകലാശാല കെട്ടിട വികസനത്തിന്റെ ഭാഗമായി കോളനി നിവാസികളെ ഒഴിപ്പിച്ച് അവരെ പുനരധിവസിപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരൂമാനിച്ചിരുന്നെങ്കിലും നടപ്പിലാക്കിയിരുന്നില്ല. ഇതുസംബന്ധിച്ച് കോളനിവാസികള്‍ നിരവധി തവണ സമരം നടത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് സ്ഥലം കണ്ടെത്തിയതും പുനരധിവാസത്തിനുള്ള നടപടികള്‍ വേഗത്തിലാക്കി വീടൊരുക്കിയതും. അന്നത്തെ യുപിഎ സര്‍ക്കാര്‍ എഗ്രിമെന്റ് പ്രകാരം കോളനിയിലെ 16 കുടുംബങ്ങളില്‍ നിന്നും 16 പേര്‍ക്ക് ജോലി നല്‍കാമെന്ന് വാക്ക് നല്‍കിയിട്ടുള്ളതായി സമരക്കാര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ കരാര്‍ നിലവിലില്ലെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. കോളനിവാസികള്‍ക്ക് സഹായമെന്ന പ്രകാരം പുറംപണിക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ആറ് പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ഇതില്‍ മൂന്നുപേര്‍ ജോലി ഉപേക്ഷിച്ച് പോയതായും അധികൃതര്‍ പറഞ്ഞു. ഇത് അംഗീകരിച്ചിരുന്ന കോളനിവാസികളെ ചിലര്‍ സ്ഥിരം നിയമനം ലഭിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയായിരുന്നു. ഡിസംബര്‍ മാസത്തോടുകൂടി നിര്‍മാണം പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാന്‍ നില്‍ക്കുന്നതിനിടെയാണ് ആത്മഹത്യാ സമരം അരങ്ങേറിയത്. നാളെ കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടി അലങ്കോലമാക്കാനുളള ചിലരുടെ ആസൂത്രിത നീക്കവും ഇതിന്റെ പിന്നിലുള്ളതായി സൂചനയുണ്ട്. സംഭവത്തെ തുടര്‍ന്ന് സബ്കളക്ടര്‍ മൃണ്‍മയി ജോഷി, വിസിയുടെ അഭാവത്തില്‍ സര്‍വകലാശാല ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.ജയപ്രസാദ് എന്നിവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ 14ന് വിസിയുടെ സാന്നിദ്ധ്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാനും, കേന്ദ്രത്തിന് കത്തയക്കാനും, കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കാനുമുളള തീരുമാനത്തെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. പെരിയയിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവിനും മാളത്തുംപാറ കോളനിയില്‍ സ്ഥലമുണ്ട്. കോളനിക്കാരെ മുന്‍നിര്‍ത്തി ചിലര്‍ നടത്തിയ രാഷ്ട്രീയ മുതലെടുപ്പാണ് സമരനാടകമെന്നും ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.